തലശേരി: ആർഎസ്എസ് നേതാവും അധ്യാപകനുമായ പുന്നാട്ടെ അശ്വനികുമാറിനെ (27) ബസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ (അതിവേഗ കോടതി-രണ്ട്) ഇന്നു തുടങ്ങും. 2005 മാർച്ച് 10ന് രാവിലെ 10.15ന് ഇരിട്ടി പയഞ്ചേരിമുക്കിൽ വച്ചാണ് കേസിനാസ്പദമായ സംഭവം.
കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് വിചാരണ തുടങ്ങുന്നത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ബസിനു മുന്നിലും പിന്നിലും ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം ബസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളിൽ നാലുപേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയാണ് കൊല നടത്തിയത്. കഠാരകൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് അശ്വനികുമാറിനെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
എൻഡിഎഫ് പ്രവർത്തകരായ പുതിയവീട്ടിൽ അസീസ് (42), പുഞ്ചറക്കൽവീട്ടിൽ അമീൻ (40), എം.വി. മർസൂഖ് (38), പി.എം. സിറാജ് (42), സി.പി. ഉമ്മർ (40), എം.കെ. യൂനുസ് (43), ആർ.കെ. അലി (45), പി.കെ. സമീർ (38), കൊവ്വൽ നൗഫൽ (39), തന്നലോട്ട് യാക്കൂബ് (41), സി.എം. വീട്ടിൽ മുസ്തഫ (48), വയപ്രത്ത് ബഷീർ എന്ന കരാട്ടെ ബഷീർ (46), ഇരിക്കൂർ സ്വദേശികളും സഹോദരങ്ങളുമായ മുംതാസ് വീട്ടിൽ കെ. ഷമ്മാസ് (35), കെ. ഷാനവാസ് (35) എന്നിവരാണ് കേസിലെ പ്രതികൾ.
ഒന്നുമുതൽ ഒൻപതുവരെയുള്ള പ്രതികൾക്കെതിരേ കൊലക്കുറ്റവും 10 മുതൽ 13 വരെ പ്രതികൾക്കെതിരേ ഗൂഢാലോചന കുറ്റവും 13, 14 പ്രതികൾക്കെതിരേ ബോംബ് എത്തിച്ചുനൽകിയതുൾപ്പെടെയുള്ള കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഒന്നാം സാക്ഷിയായ ലക്ഷ്മണനെയും രണ്ടാം സാക്ഷി ഗംഗാധരനെയുമാണ് ഇന്നു വിസ്തരിക്കുക. കുറ്റപത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രോസിക്യൂഷൻ കോടതിയിൽ ഇന്നു റിപ്പോർട്ട് നൽകും. 89 സാക്ഷികളാണ് ഈ കേസിലുള്ളത്.
പ്രോസിക്യൂഷനുവേണ്ടി ഡിസ്ട്രിക് ഗവ. പ്ലീഡർ അഡ്വ. ബി.പി. ശശീന്ദ്രൻ, അഡീഷൽ ഗവ. പ്ലീഡർ അഡ്വ. ബിനിഷ, അഡ്വ. പി. പ്രേമരാജൻ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. അശോകൻ, അഡ്വ. നൗഷാദ് എന്നിവരും ഹാജരാവും.