സാധാരണക്കാരന്‍റെ ഉള്ളിലെ രോഷം കത്തിക്കാനുള്ള മരുന്നുമായാണ് ഇത്തവണ ജോയി താക്കോൽക്കാരന്‍റെ വരവ്. വളരെ സിന്പിളായിട്ടുള്ള വില കൊടുക്കേണ്ടാത്തതായ ഒരു മരുന്ന്. “പ്രതികരണ ശേഷി’ എന്നാണ് ആ മരുന്നിന്‍റെ പേര്. അവശ്യസമയത്ത് ആവശ്യാനുസരണം ഉപയോഗിച്ചാൽ മാത്രമേ ഈ മരുന്നുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയുള്ളൂ എന്നു മാത്രം.
പലതും കണ്ടിട്ടും, കണ്ടില്ലായെന്ന് നടിച്ച് പോകുന്നവർക്ക് നേരെയുള്ള കണ്ണാടിയാകുകയാണ് സംവിധായകൻ രഞ്ജിത് ശങ്കറും കൂട്ടരും “പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ചിത്രത്തിലൂടെ. പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു സിനിമയിലൂടെ എല്ലാവർക്കും വേണ്ടി തുറന്നു പറയുക. ഈ ഒരു പണി നല്ല വൃത്തിക്ക് ജോയി താക്കോൽക്കാരൻ (ജയസൂര്യ) ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയ ഒന്നാന്തരം പൊളിറ്റിക്കൽ എന്‍റർടെയ്നറാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.
സാധാരണക്കാരുടെ രാജാവ്
ആരാണ് രാജാവ്…? ഭരണാധികാരികളോ അതോ പ്രജകളോ… ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ് ചിത്രത്തിലൂടെ സംവിധായകൻ. സാധാരണക്കാരന്‍റെ രാജാവാകാനുള്ള ശ്രമമാണ് ജോയി താക്കോൽക്കാരന്‍റേത്. “പുണ്യാളൻ അഗർബത്തീസ്’ എന്ന ആദ്യചിത്രം പോലെ ചിന്തിപ്പിക്കാനും രസിപ്പിക്കാനുമുള്ള വകയെല്ലാം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലും രഞ്ജിത് കൂട്ടിയിണക്കിയിട്ടുണ്ട്. ഒരാൾ വ്യക്തിപരമായ കാര്യങ്ങൾ ശരിയാക്കാൻ ഒരു ജനതയെ തന്നെ കൂട്ടുപിടിക്കുക, ആളുടെ കാര്യം ശരിയാകുന്ന വഴിയേ മറ്റുള്ളവരുടെ പ്രശ്നങ്ങളും പതിയെ പരിഹരിക്കപ്പെടുക. സംഭവം സത്യത്തിൽ ബിസിനസുമാണ്, മറ്റൊരർഥത്തിൽ ജനസേവനവും. ഈ വഴിയെയാണ് ജോയി താക്കോൽക്കാരന്‍റെ സഞ്ചാരം.
പുണ്യാളൻ വെള്ളം
പുണ്യാളൻ അഗർബത്തീസിൽ നിന്നും പുണ്യാളൻ വെള്ളത്തിലേക്ക് ജോയി താക്കോൽക്കാരൻ എത്തിപ്പെടുന്നത് എങ്ങനെയെന്ന് കാണിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നെ പതിവ് പോലെ പ്രതിസന്ധികളും പ്രശ്നങ്ങളുമെല്ലാം ജോയിയെ തേടിയെത്തുന്നതോടെ ആദ്യ ഭാഗത്തിന്‍റെ അതേ പതിപ്പാണല്ലോ ഇതെന്നുള്ള തോന്നൽ പുണ്യാളൻ ഉളവാക്കുന്നുണ്ട്. കഥ ചിരിവിട്ട് ഗൗരവക്കാരനാകുന്നതോടെ എല്ലാം മാറിമറിയുകയായിരുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായി ജോയി ഉന്നയിക്കുന്ന ചോദ്യങ്ങൾ ആളിക്കത്താൻ തുടങ്ങിയതോടെ സംഭവത്തിന്‍റെ രൂപവും ഭാവവും മാറി. കഥ ഗൗരവക്കാരന്‍റെ മേലാട ചാർത്തിയപ്പോഴും അഭയനും (ശ്രീജിത്ത് രവി) ജിബ്രൂട്ടനുമെല്ലാം കോമഡി ട്രാക്കിൽ ലവലേശം ബോറടിപ്പിക്കാതെ ജോയി താക്കോൽക്കാരന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയ സംഭവാട്ടാ….!
സോഷ്യൽ മീഡിയയ്ക്ക് ഇന്ന് സമൂഹത്തിലുള്ള സ്വാധീനം ശരിക്കും മുതലാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നായകന്‍റെ പ്രതിഷേധങ്ങൾ നവമാധ്യമങ്ങൾ വഴി കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയയുടെ വേര് എത്രത്തോളം ജനങ്ങളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് കാട്ടാൻ ചിത്രത്തിനായി. ആദ്യ പകുതി നായകന്‍റെ പ്രശ്നങ്ങളുടെ മറപറ്റിയുള്ള പോക്കാണെങ്കിൽ രണ്ടാം പകുതി ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ തുറന്നുകാട്ടാനാണ് സംവിധായകൻ ശ്രദ്ധിച്ചത്. ചിത്രത്തിൽ ജോയിക്ക് ഒപ്പത്തിനൊപ്പം നിന്ന വിജയരാഘവന്‍റെ പ്രകടനം കാണേണ്ടതുതന്നെയാണ്. ഇന്നത്തെ രാഷ്ട്രീയക്കാരന്‍റെ തനി പകർപ്പെന്നു മാത്രമേ കക്ഷിയുടെ പകർന്നാട്ടത്തെ വിശേഷിപ്പിക്കാനാവു.
പൂന്പാറ്റ ഗ്ലാഡ്സണ്‍ കലക്കീട്ടാ…
ആദ്യ ഭാഗത്തിൽ നായകന്‍റെ വലംകൈയായിട്ടുള്ള ഗ്രീനു (അജുവർഗീസ്) ഇത്തവണ പക്ഷേ, വീഡിയോ ചാറ്റിംഗിലൂടെയാണ് ബിഗ് സ്ക്രീനിൽ വരുന്നത്. തുടക്കത്തിലെ ഒന്നു രണ്ട് സീനുകളിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ പിന്നീട് അങ്ങോട്ട് ഗ്രീനുവിനെ കാണാൻ കഴിയുക വീഡിയോ ചാറ്റിംഗിലൂടെ മാത്രമാണ്. ധർമജനും വിഷ്ണു ഗോവിന്ദനുമാണ് രണ്ടാം ഭാഗത്തിൽ ഇടംപിടിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയ മറ്റ് താരങ്ങൾ. പൂന്പാറ്റ ഗ്ലാഡ്സണായി വിഷ്ണു കോമഡി ട്രാക്കിൽ നിറഞ്ഞാടുകയാണ്. രണ്ടാം പകുതിയിലാണ് പൂന്പാറ്റയുടെ വരവെങ്കിലും ഉള്ള ഭാഗമത്രയും പൊളിച്ചു.
ഭരണ നേതൃത്വങ്ങൾക്കെതിരേ…
“മെർസൽ’ പുറത്തിറങ്ങിയപ്പോൾ വിമർശനം സഹിക്കവയ്യാതെ ചിലർ ഉറഞ്ഞുതുള്ളിയത് ഓർമയില്ലേ. അത്തരക്കാർക്ക് നേരെ പുണ്യാളനും വാളോങ്ങുന്നുണ്ട്. നോട്ടു പിൻവലിക്കലും ജിഎസ്ടിയും പിന്നെ ആധാറിന്‍റെ വരവുമെല്ലാം പുണ്യാളനിലും ചർച്ച ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ പദ്ധതികളും ഉദ്ഘാടന മഹാമഹവും പിന്നെ കാട്ടിക്കൂട്ടലുമെല്ലാം കൃത്യമായി ഇണക്കിചേർക്കാനും സംവിധായകൻ മറന്നിട്ടില്ല. തൃശൂർ കാഴ്ചകൾ വിഷ്ണുനാരായണൻ നിറപകിട്ടോടെ ഒപ്പിയെടുത്തപ്പോൾ ബിജിബാലും ആനന്ദ് മധുസൂദനനും ചേർന്ന് പുണ്യാളനെ ശുദ്ധ സംഗീതത്തിന്‍റെ ആനന്ദത്തിൽ ആറാടിക്കുകയും ചെയ്തു.
(ജോയി താക്കോൽക്കാരന്‍റെ ചോദ്യങ്ങളിലൂടെ ജയസൂര്യ വീണ്ടും സാധാരണക്കാരന്‍റെ നായകനാവുകയാണ്.)
വി.ശ്രീകാന്ത്