എരുമേലി: ഇക്കഴിഞ്ഞ ശബരിമല സീസണിൽ എരുമേലിയിൽ നടത്തിയ പുണ്യം പൂങ്കാവനം പദ്ധതിയിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു.
പാലാ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. കഴിഞ്ഞ ദിവസം പദ്ധതിയുടെ സമാപന ഭാഗമായി നടന്ന ആദരിക്കൽ പരിപാടിയിൽ എംഎൽഎയും ഐജിയും പങ്കെടുത്തിരുന്നില്ല.
പദ്ധതി നടത്തിപ്പുകാരിൽ ചിലർക്കെതിരേ അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്നാണ് ഇവർ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടു നിന്നതെന്ന് പറയപ്പെടുന്നു.
റിട്ടയേഡ് എസ്ഐ സൗജന്യ തുണിസഞ്ചി മറിച്ചുവിറ്റെന്നും സീനിയർ സിവിൽ പോലീസ് ഓഫീസർ അനധികൃത പണപ്പിരിവ് നടത്തിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം.
പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ-ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് സ്വന്തം ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ഒരു പരാതി.
കോട്ടയത്തെ പ്രമുഖ ജ്വല്ലറിയിൽനിന്നു സൗജന്യമായി പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ അയ്യപ്പഭക്തർക്ക് വിതരണം ചെയ്യാൻ നൽകിയ ഒരു ലക്ഷം തുണി സഞ്ചികളിൽ നിരവധി സഞ്ചികൾ പദ്ധതിയുടെ ജില്ലാ കോ ഓർഡിനേറ്ററായ റിട്ടയേഡ് എസ്ഐ വിറ്റെന്നാണ് മറ്റൊരു പരാതി.
മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതിയെത്തുടർന്നാണ് അന്വേഷണം. പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരായ മുഴുവൻ ആൾക്കാരുടെയും സ്വത്തു വിവരങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.