തൊടുപുഴ: ആദിവാസി മേഖലയായ നാളിയാനി പ്രദേശവാസികൾക്ക് പുറം ലോകത്തെത്താൻ ഇപ്പോഴും ആശ്രയം മുളയും മരക്കഷണങ്ങളും ചേർത്ത് കെട്ടിയുണ്ടാക്കിയ താത്ക്കാലിക പാലം.
കുളമാവിൽ നിന്നാരംഭിക്കുന്ന വടക്കനാറിന്റെ കുറുകെയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താംവാർഡായ നാളിയാനിയെയും ഒൻപതാം വാർഡായ പൂച്ചപ്രയേയും വേർതിരിക്കുന്നത് വടക്കനാറാണ്.
മരവും മുളയും ചേർത്തുണ്ടാക്കിയ പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. മഴക്കാലം ആരംഭിച്ചതോടെ പാലത്തിൽ പായൽ വളർന്ന വഴുക്കലുള്ള അവസ്ഥയിലാണ്.
ഈ പാലത്തിലൂടെയുള്ള സഞ്ചാരം ഒരു സാഹസിക യാത്രയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഭയം കാരണം ഇപ്പോൾ പാലത്തിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുകയാണ്. നാളിയാനിയിലുള്ള വിദ്യാർഥികൾ പൂച്ചപ്ര സ്കൂളിൽ എത്തിയിരുന്നത് വടക്കാനാർ കടന്നാണ്.
മഴക്കാലം ശക്തമായാൽ വടക്കനാർ അപ്രതീക്ഷിതമായി നിറഞ്ഞ് കവിഞ്ഞ് വെള്ളം ഇരന്പി എത്തും.
അത്യാവശ്യ സമയങ്ങളിൽ ആശുപത്രിയിൽ പോകേണ്ട പ്രായമായവരെ നാട്ടുകാർ കസേരയിൽ ഇരുത്തി സാഹസികമായി പുഴ കടത്തിയാണ് പൂച്ചപ്രഭാഗത്തേക്ക് എത്തിക്കുന്നത്.
ഇവിടെ പുതിയ പാലം വേണമെന്ന് നാട്ടുകാർ വെള്ളിയാമറ്റം പഞ്ചായത്ത് ഗ്രാമസഭകളിലും ഉൗരുകൂട്ട യോഗങ്ങളിലും വർഷങ്ങളായി ആവശ്യപ്പെടുന്നതുമാണ്. എന്നാൽ ഇതു വരെ പരിഹാരം ആയിട്ടില്ല.
ആദിവാസി പിന്നോക്ക മേഖലയുടെ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും പട്ടിക വിഭാഗ ഫണ്ടുകൾ ഉൾപ്പടെ കോടികളുടെ പദ്ധതികൾ ഉണ്ടെങ്കിലും അവയെല്ലാം പ്രദേശവാസികൾക്ക് അന്യമാണ്.
വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവർത്തിച്ചാൽ വടക്കനാറിന് കുറുകെയുള്ള പാലം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.