കോഴിക്കോട്: ദീർഘനാളത്തെ ലോക്ക്ഡൗൺ സംസ്ഥാനത്തെ വ്യാപാരികൾക്കുണ്ടാക്കിയത് കോടികളുടെ നഷ്ടം. ലോക്ക്ഡൗണിനു ശേഷം കടകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് ഓരോരുത്തർക്കും വൻ നഷ്ടങ്ങൾ വ്യക്തമായത്.
റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുകൽ ഉത്പന്നങ്ങൾ, ബാഗുകൾ, ഷൂസുകൾ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും പൂപ്പൽ ബാധിച്ച് വിൽപ്പനയോഗ്യമല്ലാതായി. ബ്രാൻഡഡ് ഉത്പന്നങ്ങളിലടക്കം പൂപ്പൽ ബാധിച്ചിട്ടുണ്ട്. കടകൾ തുടർച്ചയായി അടച്ചിട്ടതിനാൽ വായുസഞ്ചാരം നിലച്ചതാണ് ഫംഗസ് ബാധയ്ക്ക് കാരണമായത്.
വിലകൂടിയ പാദരക്ഷകൾ, ബെൽറ്റുകൾ, പഴ്സുകൾ, ബാഗുകൾ, ട്രോളിബാഗ് , മറ്റ് തുകൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക് പൂപ്പൽ ബാധിച്ചു. തുടച്ചാലും ഇവയുടെ പൂർവസ്ഥിതി തിരികെലഭിക്കില്ലെന്നതിനാൽ വിൽപ്പനയ്ക്ക് കഴിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
കടകളിൽ തുറന്നു പ്രദർശിപ്പിച്ചിരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങളിൽ വൻതോതിൽ പൂപ്പൽ ബാധിച്ചു. നഷ്ടം നികത്താൻ വ്യാപാരികൾക്കായി അടിയന്തര പദ്ധതികൾ ഉടൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.