അമ്പലപ്പുഴ: സിപിഎം പ്രവർത്തകർ പാർട്ടി ഓഫീസിന് മുന്നിൽ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് പരിക്കേറ്റു. പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലാണ് കഴിഞ്ഞ രാത്രിയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയത്. എച്ച്.സലാം എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗമായ അജ്മൽ ഹസന് പരിക്കേറ്റു.
പുറക്കാട് പഞ്ചായത്തിൽ അങ്കണവാടികളിൽ സിപിഎം പ്രവർത്തകരെ മാത്രമാണ് നിയമിച്ചത്. ഇതിൽത്തന്നെ അർഹതപ്പെട്ട സിപിഎം പ്രവർത്തകരെ ഒഴിവാക്കി പാർട്ടി ഓഫീസുകളിൽ നിന്ന് നൽകുന്ന പട്ടിക അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് ചിലർ ആക്ഷേപിച്ചു. പാർട്ടി വഴി നടക്കുന്ന നിയമനങ്ങളിൽ തന്നെ നേതാക്കളുടെ ബന്ധുക്കളെയാണ് ഉൾപ്പെടുത്തിയത്. സിഡിഎസ് ചെയർപേഴ്സണെ ഈ സ്ഥാനത്തുനിന്ന് രാജിവയ്പിച്ച ശേഷം അങ്കണവാടി വർക്കറായി നിയമിക്കുകയായിരുന്നു.
സിപിഎം പ്രവർത്തകനായ പ്രവാസിയുടെ ബന്ധു അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. പാർട്ടി നേതൃത്വത്തിന്റെ പിന്തുണയില്ലാതിരുന്നതുകൊണ്ട് അവർക്ക് ജോലി ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രവാസി സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരേ വിമർശനം നടത്തിയിരുന്നു.
നിയമനത്തിൽ ക്രമക്കേടുണ്ടെന്നും പാർട്ടി ഇടപെടൽ ഉണ്ടെന്നും ആരോപിക്കുന്നതായിരുന്നു പോസ്റ്റ്.ഈ തർക്കം മുറുകുന്നതിനിടെയാണ് ചർച്ച ചെയ്യാൻ ലോക്കൽ കമ്മിറ്റി ഓഫീസ് വേദിയാക്കാൻ ധാരണയായത്. ഇങ്ങനെ ചർച്ചയ്ക്ക് എത്തിയപ്പോഴാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായത്.
തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ പ്രശ്നമായി വളർന്ന ഏറ്റുമുട്ടൽ ജില്ലയിലെ സിപിഎം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പുറക്കാട് പഞ്ചായത്തിലടക്കം എല്ലാ പഞ്ചായത്തിലും അങ്കണവാടികളിലെ നിയമനങ്ങളിൽ സിപിഎം പ്രവർത്തകരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിൽ ഘടകകക്ഷികൾക്കും ശക്തമായ പ്രതിഷേധമുണ്ട്.