കായിക പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്റെ അഭിമാനമായത് ബാഡ്മിന്റണ്‍ കോച്ച് എസ്. മുരളീധരനും നീന്തൽ താരം സജൻ പ്രകാശും. ആജീവനാന്ത ദ്രോണാചാര്യക്കാണ് മുരളീധരൻ അർഹനായത്.
അർജുന ലഭിച്ച 32 അംഗങ്ങളിലെ ഏക മലയാളിയാണ് സജൻ പ്രകാശ്. വലിയ ബഹുമതിയായാണ് ഈ നേട്ടത്തെ കാണുന്നത്. ബാഡ്മിന്റണിന്റെ പല മേഖലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പരിശീലകൻ എന്നനിലയിൽ മാത്രല്ല, ഇന്റർനാഷണൽ അന്പയർ, റഫറി, ഇന്റർനാഷണൽ ഫെഡറേഷന്റെ ഒരു കോച്ച് എന്ന നിലയിലും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ്. മരുളീധരൻ പ്രതികരിച്ചു.
ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ മെറിറ്റോറിയൽ സർവീസ് അവാർഡ്, 2018ൽ കേരള സർക്കാരിന്റെ ആജീവനാന്ത അവാർഡ് തുടങ്ങിയ പല പുരസ്കാരങ്ങളും മുരളീധരനെ മുന്‍പ് തേടിയെത്തിയിരുന്നു.
പദുക്കോണ്‍ അടക്കം ശിഷ്യന്മാർ
ഇന്ത്യൻ ബാഡ്മിന്റണ്‍ ഇതിഹാസങ്ങളായ പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപീചന്ദ്, മലയാളി ഡബിൾതാരം വി. ദിജു തുടങ്ങിയ വൻ താരനിരയെ പരിശീലിപ്പിച്ച ചരിത്രവും മുരളീധരനു സ്വന്തം. 1984 ലോക ചാന്പ്യൻഷിപ്പിൽ പ്രകാശ് പദുക്കോണ്‍ സെമിയിലെത്തിയപ്പോൾ ഇന്ത്യൻ കോച്ചായിരുന്നു. മാത്രമല്ല, ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ കീഴിൽ 19 രാജ്യങ്ങളിൽ ഒളിന്പിക് സോളിഡാരിറ്റി കോഴ്സ് നടത്തിയിട്ടുണ്ട്. 2016 റിയൊ ഒളിന്പിക്സിൽ വനിതാ സിംഗിൾസിൽ ഇന്ത്യക്കായി പി.വി. സിന്ധു വെള്ളി നേടിയപ്പോൾ ടീമിന്റെ മാനേജരായിരുന്നു.
ശംഖുമുഖത്തുനിന്നു തുടക്കം
ജന്മ നാടായ തിരുവനന്തപുരം ശംഖുമുഖത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റണ്‍ കളിച്ചായിരുന്നു മരുളീധരന്റെ തുടക്കം. 1960ൽ കേരള ജൂണിയർ ചാന്പ്യനായും കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തുമാണ് ബാഡ്മിന്റണ്‍ കോർട്ടിൽ ഉറച്ചത്. നിലവിൽ കോഴിക്കോട് ചേനയ്ക്കലാണ് താമസം. കാലിക്കട്ട് സർവകലാശാലയുമായി ബന്ധപ്പെട്ട് ബാഡ്മിന്റണ്‍ അക്കാദമിയും മുരളീധരൻ നടത്തിവരുന്നുണ്ട്.
ഇടുക്കിയുടെ മിടുക്കൻ
ഇന്ത്യയുടെ നീന്തൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് സജൻ പ്രകാശ് വിലയിരുത്തപ്പെടുന്നത്. 2021ൽ സെറ്റ് കോലി ട്രോഫിയിൽ ഇന്റർനാഷണൽ സ്വിമ്മിംഗ് ഫെഡറേഷന്റെ എ കട്ട് യോഗ്യതാ മാർക്ക് കുറിച്ച് ടോക്കിയോ ഒളിന്പിക് യോഗ്യത സജൻ സ്വന്തമാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ നീന്തൽ താരം എ കട്ട് സമയം കുറിച്ച് ഒളിന്പിക് യോഗ്യത നേടുന്നത്. പുരുഷ വിഭാഗം 200 മീറ്റർ ബട്ടർഫ്ളൈയിലായിരുന്നു മലയാളി താരത്തിന്റെ ഈ നേട്ടം.
അമ്മയുടെ മകൻ
ഇന്ത്യയുടെ മുൻ കായിക താരം വി.ജെ. ശാന്തിമോളിന്റെ നിർദേശങ്ങൾ അംഗീകരിച്ചാണ് സജൻ നീന്തൽക്കുളത്തിൽനിന്നു മെഡൽ നേട്ടങ്ങളുമായി മുങ്ങിപ്പൊങ്ങുന്നത്. കുഞ്ഞുനാൾ മുതൽ മകന്റെ പരിശീലനത്തിനായി ശാന്തിമോൾ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. ഇടുക്കിയിലാണ് ജനിച്ചതെങ്കിലും തമിഴ്നാട്ടിലെ നെയ്വേലി സ്വിമ്മിംഗ് ക്ലബ്ബിലൂടെയായിരുന്നു നീന്തൽ പഠിച്ചത്. നിലവിൽ കേരള പോലീസിൽ ഉദ്യോഗസ്ഥനാണ്.
സ്വർണ മത്സ്യം
ദേശീയ തലത്തിലെ വിവിധ ചാന്പ്യൻഷിപ്പുകളിൽ സജനെ വെല്ലാൻ ആളില്ലെന്നതാണ് വാസ്തവം. കേരളം ആതിഥേയത്വം വഹിച്ച 35-ാമത് ദേശീയ ഗെയിംസിൽ ആറു സ്വർണവും മൂന്നു വെള്ളിയും നീന്തിയെടുത്ത് മികച്ച താരമായി. 2016 റിയൊ ഒളിന്പിക്സിലും സജൻ പങ്കെടുത്തു.
റിയൊ ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക നീന്തൽതാരമായിരുന്നു സജൻ. ഒരു ഏഷ്യൻ റിക്കാർഡും മൂന്നു സൗത്ത് ഏഷ്യൻ റിക്കാർഡും 10 ദേശീയ റിക്കാർഡും സജന്റെ പേരിലുണ്ട്. തുടർച്ചയായി രണ്ട് ഒളിന്പിക്സിൽ (2016 റിയൊ, 2020 ടോക്കിയോ) പങ്കെടുത്ത ആദ്യ ഇന്ത്യൻ നീന്തൽതാരമാണ് സജൻ.
2016 ഗോഹട്ടി സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്നു സ്വർണം, 2017 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ വെള്ളി തുടങ്ങിയ നേട്ടങ്ങൾ ഇന്ത്യക്കുവേണ്ടി സ്വന്തമാക്കി.
ക്രിക്കറ്റ് പുറത്ത്
2024 കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റിൽനിന്ന് ഒരു താരവും പട്ടികയിൽ ഉൾപ്പെട്ടില്ല. ചെസ് ലോക ചാന്പ്യൻ ഡി. ഗുകേഷ്, ഹോക്കി ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാ അത്ലറ്റ് പ്രവീണ്‍ കുമാർ, ശിപാർശപട്ടികയിൽ ആദ്യം ഉൾപ്പെടാതിരുന്ന വനിതാ ഒളിന്പിക് ഷൂട്ടിംഗ് താരം മനു ഭാകർ അടക്കം നാലു പേർക്ക് ഖേൽ രത്ന ലഭിച്ചു. 32 കളിക്കാർക്കാണ് 2024ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അർജുന അവാർഡ് ലഭിച്ചത്. എന്നാൽ, ഈ പട്ടികയിലും ക്രിക്കറ്റിൽനിന്ന് ഒരാൾപോലും ഉൾപ്പെട്ടില്ല.