പിറവം: അശാസ്ത്രീയമായ നിർമാണത്തെത്തുടർന്ന് അരക്കോടിയോളം രൂപ ചെലവിൽ നവീകരിച്ച പുരത്രക്കുളത്തിൽ മലിനജലം നിറഞ്ഞു. പിറവം-കോട്ടയം റോഡിൽ തോട്ടഭാഗം ജംഗ്ഷനിലുള്ള പുരത്രക്കുളമാണ് പായൽ നിറഞ്ഞുംമറ്റും മലിനമായിക്കൊണ്ടിരിക്കുന്നത്. നേരത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെ നേതൃത്വത്തിലും പിന്നീട് ഇപ്പോഴത്തെ കളക്ടറുടെ നേതൃത്വത്തിലും കുളം ശുചിയാക്കിയതാണങ്കിലും വീണ്ടും മലിനമായതിന് പിന്നിൽ നിർമാണ തകരാറാണന്നാണ് നാട്ടുകാർ പറയുന്നത്.
പിറവം പുഞ്ചയുടെ ഭാഗമായി സ്ഥിതി ചെയ്തിരുന്ന കുളത്തിൽ ചെളിനിറഞ്ഞ് വൃത്തിഹീനമായി കിടന്നതിനേത്തുടർന്നാണ് ഇറിഗേഷൻ വകുപ്പിൽ നിന്നും ഫണ്ട് അനുവദിച്ച് പുനർനിർമാണം പൂർത്തിയാക്കിയത്. കുളം ശുചീകരിച്ച് ചുറ്റും കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കായിരുന്നു അനുമതി നല്കിയിരുന്നത്. ഉദ്യോഗസ്ഥരുടെ വേണ്ടത്ര ഇടപെടലുകൾ ഇല്ലാതെ നിർമിച്ച കുളം കുളമായ അവസ്ഥയാലാണ് പൂർത്തിയാക്കിയത്.
നവീകരണ പ്രവർത്തനം അവസാനഘട്ടത്തോടടുത്തപ്പോൾ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞുപോയിരുന്നു. തലേദിവസം രാത്രിയിൽ പെയ്ത മഴയെത്തുടർന്നാണ് കെട്ട് ഇടിഞ്ഞുവീണത്. ഇടിഞ്ഞുവീണ ഭാഗം അടുത്ത ദിവസം കരാറുകാരൻ വീണ്ടും പുനർനിർമിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് നാട്ടുകാരിൽ ചിലർ പരാതി ഉയർത്തുകയും മാധ്യമങ്ങളിൽ വാർത്തകൾ വന്നുവെങ്കിലും ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വീകരിക്കാതെ കരാറുകാരന് ഒപ്പം നിൽക്കുകയായിരുന്നുവെന്നുള്ള പരാതി ഉയർന്നിരുന്നതാണ്.
കുളത്തിന്റെ ചുറ്റും കെട്ടിയിരിക്കുന്ന സംരക്ഷണ ഭിത്തിയുടെ മുകൾവശം തേച്ച് മിനുസപ്പെടുത്താൻ കരാറുകാരൻ തയാറായില്ല. ഇതു സംബന്ധിച്ച് വാർഡ് മെന്പറടക്കമുള്ളവർ ആവശ്യപ്പെട്ടതാണങ്കിലും ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയായിരുന്നുവത്രെ.
കുളത്തിന്റെ നിർമാണ ആരംഭത്തിൽ ലീഡിംഗ് ചാനൽ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. കുളത്തിൽ വെള്ളം നിറയുന്പോൾ പുറത്തേക്ക് വെള്ളം ഒഴുകുന്നത് സുഗമമാകുന്നതിന് വേണ്ടിയാണ് നല്ല രീതിയിൽ ലീഡിംഗ് ചാനൽ സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാൽ കുളത്തിന്റെ ഒരു വശത്തുകൂടി പോകുന്ന ലിഫ്റ്റ് ഇറിഗേഷന്റെ ഉപകനാലിലേക്ക് ചെറിയ ലീഡിംഗ് ചാനൽ നിർമിച്ചു.
ഇതുകൂടാതെ സമീപത്തുള്ള പാടശേഖരത്തിലേക്കും വഴി തുറന്നിരുന്നു. ഇതാണ് കുളത്തിന് വിനയായി ചെളി വെള്ളം നിറയാൻ കാരണമായത്.നേരത്തെ പെയ്ത മഴയിൽ സമീപത്തുണ്ടായിരുന്ന പാടശേഖരത്തിലെ ചെളിനിറഞ്ഞ മലിന ജലം കുളത്തിലേക്ക് ഒഴുകിയെത്തി.
ഇത് പുറത്തേക്ക് ഒഴുകി പോകുന്നതിന് ലീഡിംഗ് ചാനൽ ഇല്ലാത്തതിനാൽ ഇവിടെ കെട്ടിക്കിടക്കുകയും ദുർഗന്ധം വമിക്കുന്ന മലിന ജലമായി മാറുകയും ചെയ്തു. കുളത്തിലെ ജലത്തിനിപ്പോൾ കറുത്ത നിറമായി മാറിക്കൊണ്ടിരിക്കുകയാണ്. പായൽ മൂലം കുളം മൂടിക്കൊണ്ടുമിരിക്കുകയാണ്. കുളം ശുചിയാക്കിയതിന് ശേഷം സമീപവാസികൾ ഇവിടെ കുളിക്കുവാനും മറ്റും എത്തിയിരുന്നതാണ്. വെള്ളം ചീത്തയായതോടെ നാട്ടുകാർ കുളം ഉപേക്ഷിച്ചമട്ടാണ്.