വിഴിഞ്ഞം: പുരാവസ്തുവെന്ന പേരിൽ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടുവന്ന നടരാജ വിഗ്രഹം വിഴിഞ്ഞം പോലീസ് പിടികൂടി.
കാറിലുണ്ടായിരുന്ന രണ്ടംഗ സംഘത്തെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായും വിഗ്രഹം കോടതിക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
പരാതികൾ കിട്ടുന്ന മുറക്ക് കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വിഴിഞ്ഞം ഉച്ചക്കടയിൽ നിന്നാണ് 45 കിലോ ഭാരമുള്ള ബ്രാസിൽ നിർമിച്ച വിഗ്രഹം കണ്ടെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഡൽഹിയിൽ നിർമിച്ച വിഗ്രഹം ടൂറിസ്റ്റുകൾക്ക് വിൽക്കാനായി കോവളത്തെ ഒരു കരകൗശല വസ്തു വിൽപ്പനക്കാരൻ വാങ്ങിയെങ്കിലും വിൽപ്പന നടക്കാത്തതിനാൽ ചൊവ്വരയിലെ മറ്റൊരു കരകൗശല വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നവഴി ഇവരെ പിടികൂടുകയായിരുന്നു.
വിഗ്രഹത്തിന് അന്പത് വർഷം പഴക്കമുണ്ടെന്ന് സംഘം പറഞ്ഞെന്നും കാലപ്പഴക്കത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു .