കേണിച്ചിറ: വർഷങ്ങൾ പഴക്കം മതിക്കുന്ന ഓട്ടുപാത്രങ്ങളും തൂക്കുവിളക്കുകളും പണപ്പാടിക്കു സമീപം കണ്ടെത്തി. ഇന്നലെ രാവിലെ കേണിച്ചിറ-കേളമംഗലം റോഡിന്റെ അരികുചാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പു തൊഴിലാളികളാണ് തൂക്കുവിളക്കുകൾ കണ്ടത്.
വിവരം അറിഞ്ഞു നാട്ടുകാരെത്തി മണ്ണ് മാറ്റിയപ്പോഴാണ് കൂടുതൽ തൂക്കുവിളക്കുകൾ, ഓട്ടുപാത്രങ്ങൾ, കൂജകൾ, കിണ്ടി, ചെന്പുചരുവങ്ങൾ തുടങ്ങിയവ കണ്ടത്. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റി. വർഷങ്ങൾക്ക് മുന്പ് എതെങ്കിലും ക്ഷേത്രത്തിൽ നിന്നു മോഷ്ടിച്ചു കുഴിച്ചിട്ടതാകാം ഇവയെന്ന നിഗമനത്തിലാണ് പോലീസും നാട്ടുകാരും. വിദഗ്ധ പരിശോധനയിലെ യഥാർഥ പഴക്കം കണക്കാക്കാനാകൂവെന്നു പോലീസ് പറഞ്ഞു.