ആറന്മുള: ആറന്മുളയിലെ പുരാശിൽപങ്ങൾ സംരക്ഷിക്കാൻ മ്യൂസിയം ഒരുക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന് സമീപം കണ്ടെത്തിയ പുരാശിൽപങ്ങളുടെ ശേഖരങ്ങൾ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയജലമൊഴുകി വന്നതിനു ശേഷം സംസ്ഥാനത്ത് ലഭ്യമായ വിശിഷ്ടമായ സൃഷ്ടികളാണ് ആറന്മുളയിൽ നിന്നും ലഭിച്ചത്. ഒരു കാലഘട്ടത്തിന്റെയും പാരന്പര്യത്തിന്റെയും പ്രദേശത്തിന്റെയും മുഖമുദ്ര കൂടിയാണ് ഈ ശിൽപങ്ങളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വലിയ വെള്ളപ്പൊക്കത്തെ പോലും അതിജീവിച്ച ഈ ശിൽപങ്ങളുടെ നിർമാണ രീതി ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം. നിലവിൽ പുരാവസ്തു വകുപ്പിന്റെ ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ പ്രാഥമിക റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
ശിൽപങ്ങൾ കണ്ടെത്തിയ പ്രദേശം പൊതു സ്ഥലമായതിനാൽ വ്യക്തികൾ വന്ന് ഇവ ഖനനം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി ആഭ്യന്തര വകുപ്പിനോട് സ്ഥലം സീൽ ചെയ്ത് സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കായി മന്ത്രി നിർദ്ദേശം നൽകി. പൈതൃക ഗ്രാമമായ ആറന്മുളയിൽ തന്നെ ശിൽപങ്ങൾ സൂക്ഷിക്കണമെന്ന് വീണാ ജോർജ് എംഎൽഎ നിർദേശിച്ചു.
പുരാവസ്തു വകുപ്പിനൊപ്പം പ്രാദേശവാസികളുടെ കൂടെ സഹായത്തോടെ ഖനനം നടത്തണമന്നും എംഎൽഎ പറഞ്ഞു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമൻ, വാസ്തുവിദ്യാഗുരുകുലം വൈസ്ചെയർമാൻ ആർ.അജയകുമാർ, പുരാവസ്തുവകുപ്പ് ക്യുറേറ്റർ രാജേഷ് കുമാർ, ബാബ ുജോണ്, രാജേഷ്, വിവിധ തദ്ദേശഭരണ ഭാരവാഹികൾ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.