കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിന് പിന്നാലെ കേസിലെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് ഉന്നതതല യോഗം ചേരും.
എസിപിയുടെ നേതൃത്വത്തിലാകും യോഗം. കേസ് റദ്ദാക്കാന്‍ കെ. സുധാകരന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെ ചേരുന്ന യോഗം തുടര്‍നടപടികളും ഇനി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യും.
സുധാകരനെതിരായ ഡിജിറ്റര്‍ തെളിവുകളിലടക്കം ആധികാരികത ഉറപ്പുവരുത്തി മുന്നോട്ടു നീങ്ങാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് മുമ്പ് സുധാകരന് പറഞ്ഞ കാര്യങ്ങളും ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയ കാര്യങ്ങളിലും പരസ്പരം പൊരുത്തക്കേടുണ്ട്.
നേരത്തെ പറഞ്ഞ പലകാര്യങ്ങളും സുധാകരന് മാറ്റി പറഞ്ഞ സാഹചര്യവും ഉണ്ടായിരുന്നു. ഇതോടെ സുധാകരന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ് ക്രൈംബ്രാഞ്ച്.
സുധാകരനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും അന്വേഷണസംഘം നിയമോപദേശം തേടും. അന്വേഷണത്തോട് സഹകരിക്കുന്ന സാഹചര്യത്തില്‍ തല്ക്കാലം കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ്.
അതേസമയം കസ്റ്റഡിയില്‍ വാങ്ങുന്നത് സംബന്ധിച്ചും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നിയമോപദേശം തേടാനുള്ള നീക്കം. കേസിന്റെ കുറ്റപത്രം രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിച്ചേക്കും.
കേസിലെ മുന്നാംപ്രതിയായ ഐജി ജി. ലക്ഷ്മണയെയും നാലാംപ്രതി മുന്‍ ഡിഐജി എസ്. സുരേന്ദ്രനെയും അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും. കേസുമയി ബന്ധമുള്ള ഇരുവരുടെയും ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇരുവര്‍ക്കും നിലവില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവരുടെയും കെ. സുധാകരന്റെയും ഉറപ്പിലാണ് പരാതിക്കാർ മോന്സന് പണം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഈ സാമ്പത്തിക തട്ടിപ്പിന് പുറമേ മോന്‍സനുമായി ബന്ധപ്പെട്ട് പുരാവസ്തു ഇടപാടിലും ഇവരുടെ പങ്ക് പോലീസ് അന്വേഷിച്ച് വരികയാണ്.
എബിനെ ചോദ്യം ചെയ്യും
യൂത്ത് കോണ്‍ഗ്രസ് നേതാവും സുധാകരന്റെ അടുപ്പക്കാരനുമായ എബിനെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഇയാള്‍ക്ക് നോട്ടീസ് കൈമാറിയിട്ടുണ്ട്. സുധാകരനെ മോന്സന് പരിചയപ്പെടുത്തിയത് എബിന് ആണ്.
കേസിന്റെ വിവിധഘട്ടങ്ങളില്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എബിന് ഇപ്പോള്‍ ഒളിവിലാണ്. എബിനെ ചോദ്യം ചെയ്ത ശേഷം സുധാകരനെ വീണ്ടും വിളിപ്പിച്ചേക്കുമെന്നും അന്വേഷണസംഘം സൂചന നല്കുന്നു.