കടുത്തുരുത്തി: വഴിയിൽ കിടന്നുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്കു മടക്കി നൽകി തൊഴിലാളി മാതൃകയായി. കെഎസ് പുരം പാലയ്ക്കപ്പറമ്പിൽ സന്തോഷിനാണ് പഴ്സ് ലഭിച്ചത്. മങ്ങാട് വേളുപ്പറമ്പിൽ അമലിന്റെ പേഴ്സും 20,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച്ച കടുത്തുരു ത്തി–പെരുവ റോഡിൽ വച്ചാണ് പണമടങ്ങിയ പേഴ്സ് അമലിന് നഷ്ടപ്പെട്ടത്. തുടർന്ന് ഈ വിവരം ചൂണ്ടിക്കാട്ടി കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. പണി കഴിഞ്ഞ് വീട്ടിലേക്ക് ഊണ് കഴിക്കാൻ പോകുമ്പോളാണ് സന്തോഷിന് പണവും പഴ്സും ലഭിച്ചത്. പഴ്സിലുണ്ടായിരുന്ന എടിഎം കാർഡ് വഴിയാണ് ഉടമയെ കണ്ടെത്തിയത്.
തുടർന്ന് ഇന്നലെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ്ഐ ഇ.എസ്. തിലകൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ സന്തോഷ് പണവും പഴ്സും അമലിന് കൈമാറി.