മാങ്കാംകുഴി: സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ റോഡിൽ തെറിച്ചുവീണ് നഷ്ടപ്പെട്ട വീട്ടമ്മയുടെ പഴ്സ് തിരികെ നൽകി സഹോദരങ്ങളായ വിദ്യാർഥികൾ മാതൃകയായി.
സ്കൂട്ടർ യാത്രികയായ വെട്ടിയാർ പള്ളിമുക്ക് സ്വദേശിനി സരസ്വതിയുടെ പണവും വിലകൂടിയ മൊബൈൽ ഫോണും ഉൾപ്പെടുന്ന പഴ്സ് കുറത്തികാട് സി ഐ സാബുവിന്റെ സാന്നിധ്യത്തിൽ തിരികെ നൽകിയാണ് വെട്ടിയാർ നാലുമുക്ക് തെക്കേതടത്തിൽ തെക്കേതിൽ അനൂപിന്റെ െ മക്കളായ അൽ അമൽ,അൽ അമീൻ എന്നിവർ മാതൃകയായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് കൊല്ലം -തേനി ദേശീയപാതയിൽ നാലുമുക്കിന് സമീപം ഇവർ താമസിക്കുന്ന വീടിന് മുൻ വശത്ത് നിന്നുമാണ് പഴ്സ് കിട്ടിയത്.
ഉടൻ തന്നെ വിദ്യാർഥികൾ സമീപ വാസിയായ പഞ്ചായത്ത് അംഗം അഷ്റഫിനെ വിവരമറിയിക്കുകയും പഞ്ചായത്ത് അംഗത്തെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പഴ്സ് ഏൽപ്പിക്കുകയുമായിരുന്നു.
പിന്നീട് പഴ്സിന്റെ ഉടമയായ സരസ്വതിക്ക് പൊലീസിന്റെ സാന്നിധ്യത്തിൽ സഹോദരങ്ങൾ പഴ്സ് കൈമാറുകയായിരുന്നു.