കുറവിലങ്ങാട്: വൈദികന്റെ പണവും രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടത് ലഭിച്ച യുവാവ് പോലീസിന് കൈമാറി സത്യസന്ധതകാട്ടി. പട്ടിത്താനം രത്നഗിരി പള്ളിയിലെ സഹ വികാരി ഫാ. മാണി കൊഴുപ്പംകുറ്റിയുടെ 1560 രൂപയും എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയടങ്ങിയ പഴ്സാണ് തിരികെ ലഭിച്ചത്.
സിപിഎം വെന്പള്ളി സൗത്ത് ബ്രാഞ്ചു സെക്രട്ടറി ഒഴുകയിൽ വി.എൽ. സുരേഷിനാണ് പഴ്സ് ലഭിച്ചത്. ഇന്നലെ ഫാ.മാണി കൊഴുപ്പംകുറ്റി സഹോദരൻ തൃപ്പൂണിത്തുറയിൽ പണികഴിപ്പിച്ച വീടിന്റെ വെഞ്ചരിപ്പിനായി പട്ടിത്താനത്തുനിന്നും തൃപ്പൂണിത്തുറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്.
ഈ സമയം ബൈക്കിൽ വരികയായിരുന്ന സുരേഷിനു വെന്പള്ളി വടക്കേകവലയിൽ പഴ്സ് ലഭിക്കുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തി രേഖകൾ പരിശോധിച്ച ശേഷം സുരേഷ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ് പഴ്സ് ഏൽപ്പിക്കുകയായിരുന്നു.കുറവിലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പഴ്സ് രത്നഗിരിപള്ളി വികാരിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് സ്റ്റേഷനിലെത്തിയ ഫാ.മാത്യു കൊഴുപ്പംകുറ്റിക്ക് എസ്ഐ കെ.എസ്. ജയൻ സുരേഷിന്റെ സാന്നിധ്യത്തിൽ പഴ്സ് കൈമാറി. കാണക്കാരി മുൻപഞ്ചായത്തംഗം സി.കെ ദിലീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രേംഷാ എന്നിവരും സംബന്ധിച്ചു.