നാദാപുരം:റോഡില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പഴ്സും, മൊബൈല്‍ ഫോണും ഉടമയ്ക്ക് തിരിച്ചേല്പിച്ച് യുവാവ് മാതൃകയായി. വളയം സ്വദേശിയായ ഇടക്കണ്ടി നിനീഷാണ് ഞായറാഴ്ച വൈകുന്നേരം റോഡരികില്‍ നിന്ന് ലഭിച്ച പഴ്സും പണവും എടച്ചേരി പോലിസില്‍ ഏല്പിച്ചത്.
എടച്ചേരി സ്വദേശിയായ സ്റ്റേഷന് പരിസരത്തെ പൂവത്താം കണ്ടി താഴകുനി ശശിയുടെ ഭാര്യ വിനീതയുടെതായിരുന്നു പഴ്സ്.ബൈക്കില്‍ പോവുകയായിരുന്ന വിനീത മൊബൈല്‍ ഫോണും പേഴ്സും ഒരു സഞ്ചിയില്‍ ബൈക്കില്‍ തൂക്കിയിട്ടതായിരുന്നു.
പഴ്സില്‍ യുവതിയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക് കണ്ടാണ് നിതീഷ് എടച്ചേരി സ്റ്റേഷനില്‍ ഏല്പിച്ചത്. വളയത്ത് നിന്നും ബൈക്കില്‍ വടകരയ്ക്ക് പോകും വഴി പുറമേരി പോപ്പി മുക്ക് പരിസരത്തുനിന്നാണ് നിനീഷിന് പണം കളഞ്ഞുകിട്ടുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ യുവതിക്ക് പൊലിസുകാരനായ രാജന്റെ സാന്നിധ്യത്തില്‍ നിനീഷ് പഴ്സ് കൈമാറി.