ആലത്തൂർ: സ്വർണാഭരണമടങ്ങിയ പേഴ്സും പണവും ഉടമസ്ഥർക്ക് നൽകി തൊഴിലാളികൾ മാതൃകയായി. എരിമയൂർ തമ്മൻകുളന്പ് പരേതനായ വേലായുധന്റെ മകൻ കുമാരൻ (46), മഞ്ഞളൂർ നെല്ലിക്കൽ വീട് അബ്ദുൾ റഹിമാന്റെ മകൻ ഷൗക്കത്തലി (38) എന്നിവരാണ് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച തൊഴിലാളികൾ.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കുഴൽമന്ദം വെള്ളപ്പാറയ്ക്കും പെരുങ്കുന്നത്തിനും ഇടയ്ക്ക് വെച്ച് ഇവർക്ക് സ്വർണാഭരണങ്ങൾ അടങ്ങിയ പേഴ്സ് വീണു കിട്ടിയത്.ഇവർ ഇത് ആലത്തൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഇത് വാർത്തയായി പോലീസ് നൽകി.
ഇതിനിടെ പേഴ്സും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട പെരുങ്കുന്നം തേക്കിൻകാട് വീട്ടിൽ ഷണ്മുഖനും ഭാര്യ അനിതയും വീട്ടിലും സഹോദരൻ രാജന്റെ വീട്ടിലും തെരച്ചിൽ നടത്തി സങ്കടത്തിലായിരുന്നു.രാജന്റെ മകന്റെ വാട്സ് ആപ്പിൽ വന്ന മെസേജാ ണ് ഇവരെ ആലത്തൂർ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
ഡ്രൈവറായ ഷണ്മുഖൻ ഓട്ടം പോകുന്പോൾ ഭാര്യ അനിതയും മക്കളും സഹോദരൻ രാജന്റെ വീട്ടിലാക്കിയാണ് പോവാറുള്ളത്. ഇങ്ങനെ പോവുന്പോഴാണ് ഇവരുടെ കൈയിൽ നിന്ന് പേഴ്സ് നഷ്ടപെട്ടത്.ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ഷണ്മുഖനും ഭാര്യ അനിതയും കൃത്യമായ വിവരങ്ങൾ അറിയിച്ചതോടെ പോലീസ് കുമാരനെയും ഷൗക്കത്തലിയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സ്വർണാഭരണങ്ങളും പണവും പേഴ്സും കൈമാറി.
ഷോ മാല ഒന്ന്, മാലയും ലോക്കറ്റും ഒന്ന്, ചെറിയ പാദസരം ഒന്ന്, വള രണ്ടെണ്ണം, മോതിരം അഞ്ചെണ്ണം, ബ്രേസ് ലെറ്റ് രണ്ടെണ്ണം, ചെറിയ കമ്മൽ രണ്ടെണ്ണം ഉൾപ്പടെ എട്ട് പവൻ സ്വർണവും 350 രൂപയുമാണ് പേഴ്സിലുണ്ടായിരുന്നത്. എസ്.ഐ.എസ്.അനീഷ്, സി.പി.ഒമാരായ ഷാജു, മൻസൂർ, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഉടമസ്ഥർക്ക് കുമാരനും ഷൗക്കത്തലിയും പേഴ്സ് കൈമാറി. സത്യസന്ധത കാണിച്ച ഇവരെ പോലീസ് അഭിനന്ദിച്ചു.കുമാരൻ ആലത്തൂർ ബാങ്ക് റോഡിലെ സ്വകാര്യ ടൈൽസ് സ്ഥാപനത്തിലെ തൊഴിലാളിയും ഷൗക്കത്തലി ചിതലിയിലെ പെട്ടി ഓട്ടോ ഡ്രൈവറുമാണ്.