എടക്കര: പ്രളയത്തിൽ നഷ്ടപ്പെട്ട പണവും മൊബൈലും ഏഴ് മാസത്തിന് ശേഷം യുവാവിന് തിരികെ കിട്ടി. പോത്തുകൽ പാതാറിലെ ചെരിവുപറന്പിൽ നസീറിനാണ് പ്രളയത്തിൽ നഷ്ടപ്പെട്ട പണത്തിൽ കുറച്ചും മൊബൈൽ ഫോണും ഇന്നലെ തിരികെ ലഭിച്ചത്.
പാതാർ അങ്ങാടിയിൽ നിന്നും നാല് കിലോമീറ്റർ അകലെ വെള്ളിമുറ്റത്തെ ആച്ചക്കോട്ടിൽ ജനാർദനന്റെ പറന്പിൽ നിന്നുമാണ് ഇവയെല്ലാമടങ്ങിയ കവർ വ്യാഴാഴ്ച വൈകിട്ട് ലഭിച്ചത്.
പുരയിടം കിളയ്ക്കുന്നതിനിടയിൽ കവർ കാണുകയും പരിശോധിച്ചപ്പോൾ നസീറിന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പും പണവും, മൊബൈൽ ഫോണും കണ്ടെത്തുകയുമായിരുന്നു. എന്നാൽ ഇവയൊന്നും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.
2019 ഓഗസ്റ്റ് എട്ടിന് മേഖലയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം പാതാറിലെ ഒരു വീടിന്റെ പോർച്ചിൽ നിന്നും കാർ നിരങ്ങി സമീപത്തെ തോടിനടുത്തെത്തിയിരുന്നു.
ഇത് കരയ്ക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ കൈയിലുണ്ടായിരുന്ന ഒരുലക്ഷത്തി മുപ്പത്തി മൂവായിരം രൂപയും മൊബൈൽ, കണ്ണാടി ,ഡ്രൈവിംഗ് ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് എന്നിവയടങ്ങിയ കവർ നസീർ സഹോദരൻ ഷാജഹാനെ ഏൽപ്പിക്കുകയായിരുന്നു.
ഷാജഹാന് കവർ ടൗണിലെ ബന്ധുവിന്റെ ചായക്കടയിലെ അലമാരയിൽ വച്ചു. പാതാർ ടൗണിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായപ്പോള്‍ കടയിലെ അലമാരയടക്കം വെള്ളത്തിൽ ഒലിച്ചുപോകുകയുമായിരുന്നു. മരക്കച്ചവടക്കാരനായ നസീർ മരം വിറ്റുകിട്ടിയ പണമായിരുന്നു കവറിലുണ്ടായിരുന്നത്.
ജനാർദനന്റെ മകൻ ഡിവൈഎഫ്ഐ പ്രവർത്തകനായ ഉണ്ണിയാണ് ലൈസൻസ് കണ്ട് നസീറിനെ തിരിച്ചറിഞ്ഞ് പണമടങ്ങിയ കവർ തിരിച്ചേൽപ്പിച്ചത്. കിട്ടിയ നോട്ടുകൾ ബാങ്കിൽ നൽകിയാൽ മാറിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് നസീർ.