കോഴഞ്ചേരി: കോവിഡ് രോഗിയുടെ മൃതദേഹം മേൽവിലാസം മാറി സംസ്കരിക്കാൻ കൊണ്ടുപോയത് വിവാദത്തിൽ.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി കോവിഡ് വാർഡിലെ രോഗിയായിരുന്ന കോന്നി കുറ്റിക്കാട്ടിൽ ചിന്നമ്മ ദാനിയേ (81 ) ലിന്റെ മൃതദേഹമാണ് മേൽവിലാസം തെറ്റി എഴുമറ്റൂർ – ചാലാപ്പള്ളിയിലേക്ക് സംസ്കരിക്കാൻ എത്തിച്ചത്. ചാലാപ്പള്ളി തെയ്വേലിൽ പുരുഷോത്തമൻ (82) കോവിഡ് ബാധിച്ച് ഇന്നലെ രാവിലെ എട്ടിന് ആശുപത്രിയിൽ മരിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാരവും ക്രമീകരിച്ചിരുന്നു. ചിന്നമ്മ ദാനിയേലിന്റെ മൃതദേഹം ചാലാപ്പള്ളിയിലുള്ള പുരുഷോത്തമന്റെ വീട്ടുപടിക്കൽ എത്തിച്ചപ്പോൾ അവിടെ കാത്തുനിന്നിരുന്ന എഴുമറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് അബദ്ധം ആദ്യം മനസിലായത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് വിവരം കൈമാറി.
ചാലാപ്പള്ളിയിലെത്തിച്ച മൃതദേഹം ആംബുലൻസിൽ കോന്നിയിലേക്കയയ്ക്കുകയും മറ്റൊരു ആംബുലൻസിൽ പുരുഷോത്തമന്റെ മൃതദേഹം കൊണ്ടുവരികയും ചെയ്തു.
കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാലാണ് ആംബുലൻസിൽ നിന്നും ഇറക്കു ന്നതിന് മുന്പ് മൃതദേഹം ഹെൽത്ത് ഇൻസ്പെക്ടർ പരിശോധിച്ചത്.
ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ വാട്സ് ആപ്പ് സന്ദേശമായിട്ടാണ് മേൽവിലാസം നൽകിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇന്നലെ രാവിലെ എട്ടിനാണ് പുരുഷോത്തമൻ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 30നാണ് ചിന്നമ്മ ദാനിയേൽ മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോർച്ചറിയിലായിരുന്നു.
രണ്ടിന് ചാലാപ്പള്ളിയിൽ സംസ്കാരം തീരുമാനിച്ചിരുന്നതിനാൽ പുരുഷോത്തമന്റെ മൃതദേഹം നൽകിയശേഷം കോന്നിയിലേക്ക് പോകാനുള്ള ക്രമ ീകരണം ചെയ്തിരുന്നതെന്ന് ജില്ലാ ആശുപത്രിയിലെ കോവിഡ് പ്രോട്ടോക്കോൾ ഓഫീസർ പറഞ്ഞു.
ആംബുലൻസുകളുടെ ക്ഷാമവും പിശകുപറ്റാൻ കാരണമായെന്നും പ്രോട്ടോക്കോൾ ഓഫീസർ പറഞ്ഞു.
ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ആംബുലൻസുകളും തകരാറിലാണ്. നിശ്ചയിച്ചിരുന്നതിലും രണ്ടു മണിക്കൂർ വൈകിയാണ് പുരുഷോത്തമന്റെ മൃതദേഹം സംസ്കരിച്ചത്.