വൈക്കം: ഒന്നരപ്പതിറ്റാണ്ടോളം സഹസംവിധായകനായി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ച പുരുഷോത്തമൻ സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കി യാത്രയായി.
70 കളുടെ പാതിയിലും എണ്പതുകളിലുമായി പ്രേം നസീർ അടക്കം നിരവധി താരങ്ങളുടെ വിജയ ചിത്രങ്ങളുടെ ഭാഗമായി സംവിധായകരുടെയും നടീനടന്മാരുടെയും പ്രിയങ്കരനായി മാറിയ പുരുഷോത്തമൻ വൈക്കത്തുള്ള സഹോദരിക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞദിവസം മരിച്ചത് ചലച്ചിത്രലോകത്തെ സുഹൃത്തുക്കൾ പോലും അറിഞ്ഞില്ല.
1974ൽ 17-ാം വയസിൽ മദ്രാസിൽ താമസമാക്കിയ മൂത്ത സഹോദരന്റെ അടുക്കൽ സിനിമാ മോഹവുമായി ചെന്ന പുരുഷോത്തമനെ അദ്ദേഹം സുഹൃത്തായ ഹിറ്റ്മേക്കർ ശശികുമാറിന്റെ അടുക്കലെത്തിച്ചു.
ശശികുമാറിന്റെ കൂടെ ആറു വർഷം സഹസംവിധായകനായി പ്രവർത്തിച്ചു. ആ സമയത്ത് പ്രസാദം, വെള്ളായണി പരമു, ഇത്തിക്കരപ്പക്കി, ജംബുലിംഗം, കരി പുരണ്ട ജീവിതങ്ങൾ, ഇന്ദ്രധനുസ്, ചൂള തുടങ്ങിയ സിനിമകളുടെ ഭാഗമായി.
പിന്നീട് ശശികുമാറിന്റെ അനുമതിയോടെ സംവിധായകൻ കെ.ജി. രാജശേഖരന്റെ അസോസിയേറ്റ് ഡയറക്ടറായി.
പ്രേംനസീർ നായകനായ അന്തപുരം, പാഞ്ചജന്യം, ചന്പൽക്കാട്, മൈനാകം, ബീഡിക്കുഞ്ഞമ്മ, വെല്ലുവിളി, തൊഴിൽ അല്ലെങ്കിൽ ജയിൽ, തമിഴ് നടൻ ത്യാഗരാജൻ അഭിനയിച്ച ചില്ലുകൊട്ടാരം, ഇവൾ ഈ വഴി ഇതുവരെ, നിനക്ക് ഞാനും എനിക്ക് നീയും തുടങ്ങി അനവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു.
പ്രേംനസീറുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന പുരുഷോത്തമനെ നസീർ സഹോദരതുല്യനായാണ് കണ്ടിരുന്നത്.
വെള്ളായണി പരമു, ജ്വാലാമുഖി, ശാരിയല്ലെങ്കിൽ ശാരദ, ഓർമയിൽ നീ മാത്രം, മാനവ ധർമം തുടങ്ങി നിരവധി സിനിമകളിലും പുരുഷോത്തമൻ അഭിനയിച്ചിരുന്നു.
പ്രേംനസീറിനെ നായകനാക്കി സിനിമ ചെയ്യണമെന്നതായിരുന്നു ഏറ്റവും വലിയ മോഹം. സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പുമായി ബന്ധപ്പെട്ടു തൊടുപുഴയിലുള്ള നിർമാതാവിനെ കാണാൻ 1988 മെയ് മാസം യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ പുരുഷോത്തമനു ഗുരുതരമായി പരിക്കേറ്റു.
പിന്നീട് വർഷങ്ങൾ നീണ്ട ചികിത്സയിലൂടെ യാണ് പുരുഷോത്തമൻ സാധാരണനിലയിലേക്കു വന്നത്. ഇതോടെ സിനിമാ പ്രവർത്തനങ്ങൾ നിലച്ചു.
പാലാ കിഴപറയാർ തറപ്പേൽകടവിൽ ആരിശേരിയിൽ നാരായണ പണിക്കരുടെയും പങ്കജാക്ഷിയമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായാണ് പുരുഷോത്തമന്റെ ജനനം.
അവിവാഹിതനായ പുരുഷോത്തമൻ വർഷങ്ങളായി വൈക്കം കവരപ്പാടിനടയിലെ സഹോദരിയുടെ ലക്ഷ്മി നിവാസ് എന്ന വീട്ടിലായിരുന്നു താമസം.
ഒന്നരപതിറ്റാണ്ടു ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ഈ കലാകാരൻ മോഹങ്ങൾ ബാക്കി വച്ചു കടന്നുപോയത് ആരും അറിയാതെയാണെന്നതിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏറെ നൊന്പരമുണ്ട്.