ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകൂ, കാരിക്കേച്ചർ സമ്മാനമായി നേടൂ എന്ന പ്രദീപിന്റെ വാക്കുകൾ ഏറ്റെടുത്തു കലാപ്രേമികൾ. കേരളത്തെ പ്രളയക്കെടുതിയിൽനിന്നു രക്ഷിക്കാൻ ദുരിതാശ്വാസനിധിയിലേക്കു പ്രദീപ് പുരുഷോത്തമന്റെ ‘വരവഴി’ ഒഴുകിയെത്തിയത് ഇതുവരെ പത്തു ലക്ഷം രൂപ.
ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാൻ പ്രേരിപ്പിച്ചു പ്രദീപ് ആരംഭിച്ച ‘വീ ഷാൽ ഓവർ കം’ (നമ്മൾ അതിജീവിക്കും) കാരിക്കേച്ചർ ചലഞ്ച് ഇതിനകം വൈറലായി കഴിഞ്ഞു. സംഭാവന ചെയ്യുന്നവർക്കെല്ലാം കാരിക്കേച്ചറുകൾ സമ്മാനിക്കുമെന്നായിരുന്നു ഫാക്ടിലെ സീനിയർ കെമിസ്റ്റായ പ്രദീപ് പുരുഷോത്തമന്റെ വാഗ്ദാനം. ഇതിനകം 56 പേരുടെ കാരിക്കേച്ചർ വരച്ചു സമ്മാനിച്ചതുവഴി 9,79,386 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എത്തി.
പണം ദുരിതാശ്വാസ ഫണ്ടിലേക്കു അയച്ചു കൊടുക്കുന്പോൾ ലഭിക്കുന്ന രസീതും ഫോട്ടോയും വാട്സാപ്പിലൂടെയോ (9446080266) ഫേസ്ബുക്കിലൂടെയോ അയച്ചു കൊടുത്താൽ പ്രദീപ് കാരിക്കേച്ചർ വരച്ചു നൽകും. കുറഞ്ഞതു 500 രൂപയെങ്കിലും അയച്ചിരിക്കണം. കാരിക്കേച്ചർ വരച്ചു മെയിലിലോ ഫേസ്ബുക്ക് മെസഞ്ചറിലോ നൽകും.
നിരവധി ആളുകൾ ഈവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോഴും സംഭാവന നൽകിവരുന്നു.പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പ്രദീപ് ജോലി സംബന്ധമായിട്ടാണ് കൊച്ചിയിൽ താമസിക്കുന്നത്.
കഴിഞ്ഞ വർഷം കൊച്ചി ചരിത്ര മ്യൂസിയത്തിൽ ഫേസ്ബുക്കിലെ 100 സുഹൃത്തുക്കളുടെ ചിത്രങ്ങൾ 100 ദിവസംകൊണ്ടു പൂർത്തിയാക്കി പ്രദർശിപ്പിച്ചിരുന്നു.
വരികളെ വരയാക്കുന്ന അഭ്ഭുതവിദ്യയും ഈചിത്രകാരൻ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: ജയ, മക്കൾ: ഗായത്രി, ഗാഥ. അച്ഛന്റെ വഴിയെ സഞ്ചരിക്കുന്ന മകൾ ഗാഥയും ചിത്രകാരിയാണ്.