ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. രാജേഷ് കുമാർ(35) ആണ് മരിച്ചത്.
തന്റെ മരണത്തിന് ഉത്തരവാദികൾ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയിൽ രാജേഷ് കുമാർ ആവശ്യപ്പെട്ടു.
“ഞാൻ സത്യസന്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, എന്റെ കേസിൽ നീതി ലഭിക്കണം, എന്റെ മക്കളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. എന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും ജയിലിലേക്ക് അയയ്ക്കണം.’ രാജേഷ് വീഡിയോയിൽ പറയുന്നു.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം രാജേഷ് വെളിപ്പെടുത്തിയില്ല. എന്നാൽ ഭാര്യയും ഭാര്യമാതാവും രാജേഷിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വ്യാജ സ്ത്രീധന കേസ് ചുമത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹോദരൻ സന്തോഷ് കുമാർ പോലീസിനോട് പറഞ്ഞു.
ജനുവരി മൂന്നിന് വിഷം കഴിച്ചാണ് രാജേഷ് കുമാർ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഹമീർപൂർ സർക്കിൾ ഓഫീസർ രാജേഷ് കമാൽ പറഞ്ഞു.