ലക്നോ: കൊന്നിട്ടു വരൂ, നോക്കിക്കൊള്ളാമെന്നതന്റെ പ്രസ്താവന തെറ്റിധരിച്ചെന്ന് പൂർവാഞ്ചൽ സർവകലാശാലാ വൈസ് ചാൻസലർ രാജാ രാം യാദവ്. കുട്ടികൾക്ക് പ്രചോദനമാവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് താൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് രാജാ രാം യാദവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച ഗാസിപുരിലെ കോളജ് പരിപാടിയിലായിരുന്നു വൈസ് ചാൻസലർ രാജാ രാം യാദവിന്റെ വിവാദ പ്രസ്താവന. നിങ്ങൾ ഈ സർവകലാശാലയിലെ വിദ്യാർഥികൾ ആണെങ്കിൽ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ മുന്നിൽ എത്തരുത്. നിങ്ങൾക്കു സംഘർഷത്തിൽ ഏർപ്പെടേണ്ടിവന്നാൽ അവരെ നന്നായി മർദിക്കുക. കൊല്ലാൻ കഴിയുമെങ്കിൽ കൊന്നേക്കുക. പിന്നീട് നമുക്ക് അതു കൈകാര്യം ചെയ്യാം- രാം യാദവ് പറഞ്ഞു.
അതേ, ഗാസിപുരിൽ അന്നേ ദിവസം വൈകുന്നേരം ആൾക്കൂട്ടം പോലീസുകാരനെ കല്ലെറിഞ്ഞു കൊന്നു എന്നതും യാദൃച്ഛികമായി. അലാഹാബാദ് സർവകലാശാല പ്രഫസർ ആയിരുന്ന രാം യാദവ് 2017 ഏപ്രിലിൽ ആണ് വൈസ് ചാൻസലറായി ചുമതലയേറ്റത്. കഴിഞ്ഞ ഒക്ടോബറിൽ സർവകലാശാലയിൽ അവതരിപ്പിച്ച രാമകഥ കാവിവത്കരിച്ചെന്ന് ആരോപണം നേരിടുന്ന ആളാണ് രാം യാദവ്.