കോഴിക്കോട്: ഇന്ത്യന്‍ സിനിമയില്‍ ആയിരം കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതി നേടിയ രണ്ടാമൂഴം നടക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ശ്രീകുമാര്‍ മേനോന്. ചിത്രം അകാരണമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചു വാങ്ങുകയും നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്ത തിരക്കഥാ രചയിതാവ് എംടി. വാസുദേവന്‍ നായരെ ഇന്നലെ രാത്രി വീട്ടിലെത്തി ശ്രീകുമാര്‍ മേനോന് സന്ദശിച്ചു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശ്രീകുമാര്‍ മേനോന്റെ പ്രസ്താവന.
എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീകുമാര്‍ മേനോന് പ്രതികരിച്ചത്. എംടിയോട് ക്ഷമചോദിച്ചുവെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. കേസ് നിയമയുദ്ധമായി മാറില്ലെന്നും ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചുവെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗവും റിലീസ് ചെയ്യാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചത്.
സംവിധായകന് വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതോടെ എംടിയുടെ തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് സംവിധായകനും നിര്‍മ്മാതാവിനും കോടതി നോട്ടീസ് അയച്ചിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് താന്‍ തിരക്കഥ ഒരുക്കിയത് എന്നാല്‍ തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിന്മാറ്റത്തിന് കാരണമായത്. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എംടി ആരോപിക്കുന്നു. ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്’ എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്.
2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാതാവ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്നും. പ്രീപ്രൊഡക്ഷന് ജോലികളൊക്കെ അവസാനഘട്ടത്തിലാണെന്നും പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായില്ല. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്തായാലും ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍ മലയാള സിനിമാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.