കോന്നി: തെരഞ്ഞ െടുപ്പ് ഗോദയിൽ വർഗശത്രുക്കളായ പാർട്ടികൾക്കു വേണ്ടി പോരാടുകയാണ് സഹോദരിമാർ. രാഷ്ട്രീയത്തിലെ ശത്രുത കുടുംബബന്ധത്തിൽ ഇല്ലെന്നു മാത്രം.
വിമുക്ത ഭടൻ ഐരവൺ രമേശ് ഭവനത്തിൽ എം.കെ. കൃഷ്ണപിള്ളയുടെ പെൺമക്കളായ പുഷ്പലതയും കെ.എൽ.സുലേഖയുമാണ് രണ്ട് പഞ്ചായത്തുകളിൽ വ്യത്യസ്തി ചേരികളിൽ സ്ഥാനാർഥികളായിരിക്കുന്നത്.
മൂത്ത മകൾ പുഷ്പലത സിപിഎം സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ അനുജത്തി സുലേഖ ബിജെപി സ്ഥാനാർഥിയായിട്ടാണ് അങ്കത്തട്ടിലുള്ളത്.
അതിർത്തി ഗ്രാമങ്ങളായ കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിലാണ് ഇവർ മത്സരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് അടുകാട് ഏഴാം വാർഡിൽ സുലേഖയുടെ കന്നിയങ്കമാണ് നടക്കുന്നത്.
യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സുജ ഈപ്പനും സിപിഎം സ്വതന്ത്ര പുഷ്പ ഉത്തമനുമാണ് പ്രധാന എതിരാളികൾ. വാർഡിൽ ശക്തി തെളിയിക്കാനുള്ള ശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നത്.
യുഡിഎഫിന് ഇവിടെ റിബൽ സ്ഥാനാർഥിയുമുണ്ട്.അരുവാപ്പുലം 14-ാം വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്ന പുഷ്പലതയ്ക്ക് ഇത് രണ്ടാം ഊഴമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വനിതാ സംവരണമായ ഈ വാർഡിൽ യുഡിഎഫിലെ ശ്രീകുമാരിയെ കന്നിയങ്കത്തിൽ 117 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യുഡിഎഫിന്റെ കുത്തക വാർഡ് പിടിച്ചെടുത്തത്.
ഇത്തവണ വാർഡ് ജനറൽ ആയിട്ടും സീറ്റ് നിലനിർത്താൻ പുഷ്പലതയെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്. വാർഡിലെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വോട്ട് അഭ്യർഥന.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. ശ്രീകുമാറാണ് യുഡിഎഫ് സ്ഥാനാർഥി, ബിജെപി സ്ഥാനാർഥിയായി കെ. ശശിധരനും മത്സരിക്കുന്നു. വാർഡ് തിരിച്ചുപിടിക്കാൻ യുഡിഎഫും ശക്തി തെളിയിക്കാൻ ബിജെപിയും ശ്രമം തുടങ്ങിയതോടെ പോരാട്ടം കനത്തു.
ഐരവൺ ജൈത്രത്തിൽ മോഹൻദാസിന്റെ ഭാര്യയാണ് പുഷ്പലത. ബിജെപി പ്രാദേശിക നേതാവ് കൊന്നപ്പാറ മുക്കന്നൂർ ആർ. അജിത്കുമാറിന്റെ ഭാര്യയാണ് സുലേഖ.