ജയ്പുർ: രാജസ്ഥാനിലെ പുഷ്കർ മേളയിൽ പ്രദർശനത്തിനെത്തിയ ഒരു പോത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. ഹരിയാനയിലെ സിർസയിൽനിന്നാണ് “പോത്തുരാജൻ’ മേളയിൽ പങ്കെടുക്കാൻ എത്തിയത്. ഉയരം 5.8 അടി. 1,570 കിലോഗ്രാണ് ഭാരം.
പോത്തിന് എട്ടു വയസ് ഉണ്ടെന്ന് ഉടമ ഹർവിന്ദർ സിംഗ് പറയുന്നു. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഉടമ പോത്തിനെ പരിപാലിക്കുന്നത്. താൻ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ പോത്തിനായി ചെലവഴിക്കാറുണ്ടെന്നു സിംഗ് പറഞ്ഞു. താത്പര്യമുള്ള ആരെങ്കിലും വന്നാൽ പോത്തിനെ വിൽക്കും.
കഴിഞ്ഞവർഷം പോത്തിന് മൂന്നു കോടി രൂപ വില പറഞ്ഞിരുന്നു. എന്നാൽ സിംഗ് വിൽക്കാൻ തയാറായില്ല. 11 കോടി രൂപയാണ് മേളയുടെ ഭാഗമായി തന്റെ പോത്തിന് ഹർവിന്ദർ സിംഗ് ഇട്ടിരിക്കുന്ന വില. പോത്തിന്റെ ബീജദാനത്തിലൂടെ ഇതുവരെ 150ലേറെ കന്നുകുട്ടികൾ ഉണ്ടായിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേള. ഗോത്ര ആഘോഷമായ ഈ മേളയിൽ ഒട്ടകങ്ങൾക്കു പുറമെ ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ നാൽക്കാലികളെയും വാങ്ങാനും വിൽക്കാനും കഴിയും.