കടുത്തുരുത്തി: പുഷ്പ ഇനി തനിച്ചല്ല. എബിയുടെ കരം പിടിച്ചു പുതിയൊരു ജീവിതാന്തസിലേക്കു പ്രവേശിച്ചതോടെ പുഷ്പയുടെ അനാഥത്വവും പഴങ്കഥയായി. കല്ലറ മഹിളാ മന്ദിരത്തിലെ അംഗമായിരുന്ന പുഷ്പയും മണർകാട് എട്ടുപറയിൽ എബിയും ഇന്നലെ കടുത്തുരുത്തി സബ്ബ് രജിസ്ട്രാർ ഓഫീസിൽ വച്ചു വിവാഹിതരായി.
എബിയുടെ മാതാപിതാക്കളും ബന്ധുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. അനിൽകുമാർ, ജിൻസി എലിസബത്ത് തുടങ്ങി ജനപ്രതിനിധികളും വിവാഹസമയത്ത് സന്നിഹിതരായിരിന്നു.
രജിസ്ട്രാർ ഓഫീസിലെ ചടങ്ങുകൾക്കു ശേഷം കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇരുവരും വരണമാല്യം ചാർത്തി. സി.കെ. ആശ എംഎൽഎ വരനും ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തൻകാലാ വധുവിനും പരസ്പരം അണിയുന്നതിനായി വരണമാല്യം എടുത്തു നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിരവധി നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിവാഹ സൽക്കാരവും നടന്നു. അനാഥരായ വനിതകളെ സംരക്ഷിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ഏക സ്ഥാപമാണ് കല്ലറ പഞ്ചായത്തിലെ മഹിളാമന്ദിരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജുവിന്റെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നത്.
മാതാപിതാക്കളും ബന്ധുക്കളും ഇല്ലാത്ത പുഷ്പയെ 2011 ലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തകർ കല്ലറയിലെ മഹിളാ മന്ദിരത്തിലെത്തിക്കുന്നത്. മധുരവേലി ആംഗൻവാടിയിൽ ഹെൽപറായി ജോലി ചെയ്തു വരികയായിരുന്നു പുഷ്പ. മണർകാട് കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് എബി. സുഹൃത്ത് വഴിയാണ് എബിയുടെ വിവാഹാലോചന എത്തുന്നത്.
സാമൂഹ്യനീതി വകുപ്പിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിനായി ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചു വധുവിന് വിവാഹത്തിന് അണിയുന്നതിനായി സ്വർണാഭരണങ്ങളും വാങ്ങി. നാട്ടുകാരുടെ സഹായത്തോടെയാണ് വിഭവസമൃദ്ധമായ വിവാഹസദ്യ നടത്തിയത്.