സൗന്ദര്യം ഒരു ശല്യമായി മാറുമോ എന്ന ചോദ്യത്തിന് ഇന്തോനേഷ്യയിലെ ജക്കാർത്ത സ്വദേശിനിയായ പുസ്പ ഡെവിയുടെ മക്കൾ പറയും ചിലപ്പൊഴൊക്കെയെന്ന്. കാരണം ഈ അമ്മയും മക്കളും നഗരത്തിലൂടെ പോകുന്പോൾ സമീപമുള്ളവർ മക്കളോട് ചോദിക്കും കൂടെയുള്ളത് ഗേൾ ഫ്രണ്ട് ആണോ എന്ന്. പ്രായം അന്പത് ആയെങ്കിലും ഇവരെ കണ്ടാൽ മുപ്പത് വയസ് പോലും പറയില്ല എന്നുള്ളതാണ് സമൂഹ ശ്രദ്ധ ഇവരിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണം. യുവത്വം വിട്ടുമാറാത്ത ചർമവും പ്രസരിപ്പാർന്ന പ്രകൃതവും ഇവരെ വീണ്ടും ചെറുപ്പമാക്കുകയാണ്.
“കാഴ്ചയിൽ എനിക്ക് യുവത്വം കൂടുകയാണെന്നാണ് എല്ലാവരും പറയുന്നത്. ഞാൻ എപ്പോഴും സന്തോഷവതിയായിരിക്കുന്നതാണ് എന്റെ സൗന്ദര്യത്തിന്റെ പ്രധാന കാരണം. എന്റെ രണ്ടു മക്കളും വളർന്നു വലുതായി. ഞാൻ ഇഷ്ടപ്പെട്ട ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നു. മാത്രമല്ല എപ്പോഴും സന്തോഷവതിയാകാൻ ശ്രമിക്കുന്നതാണ് എന്റെ സൗന്ദര്യത്തിന്റെ കാരണം..” പുസ്പ ഡെവി പറയുന്നു.
പിറന്നാൾ ദിനത്തിൽ പുസ്പ മക്കൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. ഇത്രയും വലിയ കുട്ടികളുടെ അമ്മയാണോ പുസ്പയെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. തന്റെ യുവത്വം നിലനിർത്തുന്നതിൽ മക്കളായ ഡെന്നീസിനും ഡാനിയലിനും വലിയ പങ്കുണ്ടെന്നു പറയുന്നതിൽ ഇവർക്ക് വലിയ സന്തോഷമാണ്.
സോഷ്യൽ മീഡിയായിൽ ഒരു ചിത്രം വൈറലായതിനെ തുടർന്നാണ് പുസ്പയെ എല്ലാവരും അറിയാൻ തുടങ്ങിയത്. ഇന്ന് ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷം ആളുകളാണ് ഇവരെ ഫോളോ ചെയ്യുന്നത്. ഇന്തോനേഷ്യയിലെ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്ന പുസ്പ യൂട്യൂബ് ചാനൽ നടത്തുന്നുമുണ്ട്. മാത്രമല്ല, ഇവർ മികച്ചയൊരു സംരംഭക കൂടിയാണ്.
വിശ്രമം ചർമ സംരക്ഷണത്തിന് ആവശ്യഘടകമാണെന്നാണ് ഇവരുടെ അഭിപ്രായം. ഭക്ഷണ കാര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന പുസ്പ വ്യായാമത്തിനായി ധാരാളം ചിലവഴിക്കുന്നുണ്ട്. സൂംബ ഡാൻസ്, ബാഡ്മിന്റണ്, നീന്തൽ എന്നിവയാണ് ഇവരുടെ പ്രിയപ്പെട്ട വ്യായാമ മുറകൾ.