ഹൈദരാബാദ്: അല്ലു അര്ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ നിർവധിപ്പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 11ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) ആണു മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) പരിക്കേറ്റിട്ടുണ്ട്. ഇവര് ചികിത്സയിലാണ്.
തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു. പിന്നാലെ ആളുകൾ കൂട്ടത്തോടെ ഇവരുടെ ദേഹത്ത് പതിച്ചതാണ് മരണത്തിൽ കലാശിച്ചത്. രാത്രി നടന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി വൻ ജനക്കൂട്ടമാണു തടിച്ചുകൂടിയിരുന്നത്.
അതിനിടെ അപ്രതീക്ഷിതമായി അല്ലു അര്ജുനും സംവിധായകന് സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പോലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിൽ കലാശിച്ചത്.
പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ ബംഗളൂരു ഉർവശി തിയറ്റിൽ സ്ക്രീനിന് സമീപം ആരാധകർ തീപ്പന്തം കത്തിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷോ പിന്നീട് തുടർന്നു.
ഏതാനും ദിവസം മുൻപ് പുഷ്പ 2ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു.
ലോകമാകെ 12,000 സ്ക്രീനുകളിലാണ് റിലീസ്. കേരളത്തിൽ അറുന്നൂറോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 250 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാർ അറിയിച്ചിരുന്നു.