പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പ 2 തിയറ്ററുകളിലെത്തി. ലോകമാകെ ഏറ്റെടുത്ത പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു ഘടകം താരങ്ങളുടെ പ്രതിഫലമാണ്. ഇതിനോടകം തന്നെ പല റിക്കാർഡുകളും സൃഷ്ടിച്ച ചിത്രം താരങ്ങളുടെ പ്രതിഫലകാര്യത്തിലും റിക്കാർഡ് ഭേദിച്ചുവെന്നാണ് റിപ്പോർട്ട്.
അല്ലു അർജുന്റെ കരിയറിനെത്തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു പുഷ്പ ദി റൈസിംഗ് സ്റ്റാർ എന്ന ആദ്യഭാഗം. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അവതരിപ്പിച്ചത്. മാസും ക്ലാസും നിറഞ്ഞ ചിത്രത്തിലെ പ്രകടത്തിന് ദേശീയ അവർഡും താരത്തിന് ലഭിച്ചിരുന്നു. ആദ്യ ഭാഗത്തിന് 50 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.
പുഷ്പ 2 റിലീസ് പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമയ്ക്കായി അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. 300 കോടിയാണ് രണ്ടാം ഭാഗത്തിന് താരത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ മാറിക്കഴിഞ്ഞു.
പുഷ്പയുടെ ശ്രീവല്ലിയായി നിറഞ്ഞാടുകയായിരുന്ന ആദ്യഭാഗത്ത് രശ്മിക മന്ദാന. ഡാൻസിനൊപ്പം തന്നെ താരത്തിന്റെ പ്രകടനത്തിനും വലിയ കൈയടി കിട്ടി. രണ്ടാം ഭാഗത്തിൽ തനിക്കും ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നുണ്ടെന്ന് രശ്മിക അടുത്തിടെ പറഞ്ഞിരുന്നു.
രണ്ടാം ഭാഗത്തിനായി രശ്മിക വാങ്ങിയ പ്രതിഫലവും ഒട്ടും ചെറുതല്ല. സിനിമയ്ക്കായി 10 കോടിയാണത്രേ താരത്തിന് പ്രതിഫലമായി ലഭിച്ചത്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ രശ്മികയും ഇടംപിടിച്ചു.
ദീപിക പദുക്കോൺ, സാമന്ത, ആലിയ ഭട്ട് തുടങ്ങിയ നടിമാരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 10 മുതൽ 12 കോടി വരെയാണ് ഈ നായികമാർ പ്രതിഫലമായി വാങ്ങുന്നത്. പ്രതിനായക വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്. ബൻവാർ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. ആദ്യ ഭാഗത്തിലെ പ്രകടനത്തിന് വലിയ കൈയടിയായിരുന്നു താരത്തിന് ലഭിച്ചത്. ഫഹദിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് രണ്ടാം ഭാഗത്തിലും ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ക്കാര്യം റിലീസിന് മുമ്പ് തന്നെ അല്ലു അർ
ജുൻ വ്യക്തമാക്കിയിരുന്നു. എട്ടു കോടിയാണ് രണ്ടാം ഭാഗത്തിനായി താരത്തിന് ലഭിച്ച പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആദ്യഭാഗത്തിന് 3.5 കോടിയായിരുന്നുവത്രേ ഫഹദ് പ്രതിഫലമായി വാങ്ങിയത്. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസ് ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല. രണ്ടാം ഭാഗത്തിലും ത്രസിപ്പിക്കുന്ന ഡാൻസ് നമ്പറുമായി സാമന്ത ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സാമന്തയ്ക്ക് പകരം ഇക്കുറി ശ്രീലീലയാണ് ഐറ്റം ഡാൻസുമായി എത്തുന്നത്. രണ്ടു കോടിയാണത്രേ ഒരൊറ്റ ഡാൻസ് നമ്പറിന് തെലുങ്കിലെ ഡാൻസ് ക്വീൻ ശ്രീലീലയ്ക്ക് പ്രതിഫലമായി ലഭിച്ചത്.