ഹൈദരാബാദ്: പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി സൂപ്പർതാരം അല്ലു അർജുൻ. എക്സിൽ പങ്കുവച്ച വീഡിയോയിലാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. താനും പുഷ്പയുടെ മുഴുവൻ ടീമും ഇരയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നു താരം പറഞ്ഞു.
യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അർജുൻ ധനസഹായം നൽകി. പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകൾ വഹിക്കുമെന്നും താരം വീഡിയോയിൽ പറഞ്ഞു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യുടെ കുടുംബത്തിനാണ് താരത്തിന്റെ സഹായം. സംഭവത്തിൽ അല്ലു അർജുനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തിരുന്നു.