
കണ്ണൂർ: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ എത്തിയത് പാർട്ടിക്ക് ജനങ്ങളിലുള്ള വിശ്വാസ്യതയാണ് തെളിയിക്കുന്നതെന്ന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
സിപിഎമ്മിന്റെ മുഖംമൂടി കീറിയെറിയാൻ ഇക്കാര്യം ബിജെപി ദേശീയ തലത്തിൽ തന്നെ പ്രചാരണമാക്കും. ത്രിപുരയിൽ സിപിഎമ്മിനെതിരേ ഉണ്ടായതുപോലെ വലിയ രാഷ്ട്രീയ മാറ്റം കേരളത്തിലുണ്ടാകുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ശശി മാത്രമല്ല, സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലെ നിരവധിപേർ ഇപ്പോൾ മനസുകൊണ്ട് ബിജെപിയിലേക്ക് വന്നുകഴിഞ്ഞു. വരുന്ന ത്രിതല പഞ്ചായത്തിൽ ഈ മാറ്റം പ്രകടമാകും. ഒരുകാലത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന എകെജിയെ പാവങ്ങളുടെ പടത്തലവൻ എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്.
എന്നാൽ, മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ കൊള്ളക്കാരുടെ പടത്തലവനെന്നാണ് ജനം വിളിക്കുന്നത്. നേതൃനിരയിൽ വന്ന ഈ അപചയം തന്നെയാണ് പല പ്രവർത്തകരെയും സിപിഎം വിടാൻ പ്രേരിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.