തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ഇനി ജനഹൃദയങ്ങളിൽ. പുഷ്പന് വിട നൽകി ജന്മനാട്. പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിച്ചു.
മൂന്ന് പതിറ്റാണ്ടുകൾ ശരീരം തളർന്ന് ശയ്യയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്തരിച്ചത്.
ഓഗസ്റ്റ് രണ്ടിന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പുഷ്പനെ ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാനെത്തിയ സമരക്കാർക്കു നേരെയായിരുന്നു പോലീസ് വെടിവയ്പ്പ്.
കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട 24കാരനായിരുന്ന പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്ക് തളർന്നുപോയ പുഷ്പൻ അന്നുമുതൽ കിടപ്പിലാണ്.
പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്. ശശി, രാജന്, അജിത, ജാനു, പ്രകാശന് എന്നിവർ സഹോദരങ്ങളാണ്.