സ്വന്തം ലേഖകൻ
വിയ്യൂർ: ജയിലിൽ കിടക്കുന്ന സമയത്ത് മഹാത്മാഗാന്ധിക്ക് പുസ്തകങ്ങൾ വായിക്കാൻ സാധിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആ മഹാത്മാവിന്റെ ജൻമദിനമെത്തുന്പോൾ വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് വായനയുടെ ലോകത്തേക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന അപൂർവ അവസരം കൈവരുന്നു.
ഗാന്ധിജിയുടെ 150-ാം ജൻമദിനം വിയ്യൂർ ജയിലിൽ ആഘോഷിക്കുന്നത് ഗാന്ധിസ്മൃതി പുസ്തകമേളയോടെയാണ്.
എച്ച് ആൻഡ് സി ബുക്സാണ് ജയിലിൽ പുസ്തകമേള നടത്തുന്നത്. ഇതാദ്യമായാണ് ജയിലിൽ തടവുകാർക്ക് സ്വന്തമായി പുസ്തകങ്ങൾ വാങ്ങാനായി അവസരമൊരുങ്ങുന്നത്.
ജയിലിൽ ജോലി ചെയ്ത് സന്പാദിച്ച പണം കൊണ്ട് തടവുകാർക്ക് പുസ്തകങ്ങൾ വാങ്ങാൻ അനുവാദം നൽകിയിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മുതൽ രണ്ടുവരെയാണ് പുസ്തകമേള.പുസ്തകമേള കാണാനെത്തുന്നവർക്ക് ഒരു പുസ്തകം സമ്മാനമായും നൽകും. അന്പതു ശതമാനം വരെ വിലക്കിഴിവിലാണ് പുസതകവിൽപന.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങൾ മേളയിലുണ്ടാകും. ജയിലിൽ നിന്നും വാങ്ങുന്ന പുസ്തകം തടവുകാർക്ക് വീട്ടിലേക്ക് അയച്ചു കൊടുക്കാനും സൗകര്യമുണ്ട്. എച്ച് ആൻഡ് സി പ്രസിദ്ധീകരിക്കുന്ന ചില പുസ്തകങ്ങളുടെ പ്രകാശനവും അന്നേദിവസം ജയിലിൽ വെച്ച് നടക്കും.
ജയിലിലെ കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും തടവുകാർ ഒരുക്കുന്ന വിവിധ ഇൻസ്റ്റലേഷനുകളും പുസ്തകമേളയ്ക്ക് പൊലിമ കൂട്ടും.