കോഴിക്കോട്: ആളുകള്‍ക്ക് വന്നിരിക്കാനും സ്വൈര്യമായി സംസാരിക്കാനുമായി അടുത്തിടെ നവീകരിച്ച മിഠായിത്തെരുവില്‍ ആളുകളെ തടഞ്ഞുനിർത്തി അനധികൃത പുസ്തക വിൽപ്പന. എസ്കെ പൊറ്റക്കാട് പ്രതിമയ്ക്കുസമീപം കോടികള്‍ ചിലവഴിച്ച് സജ്ജമാക്കിയ ഇരിപ്പിടങ്ങൾക്കുസമീപമാണ് ജനത്തിന് സ്വൈര്യക്കേടുണ്ടാക്കുന്ന പുസ്തകവിൽപ്പന.
സ്വകാര്യ കമ്പനിയുടെ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനുവേണ്ടിയുള്ള ഇടമായി മിഠായിത്തെരുവ് മാറിക്കഴിഞ്ഞു. തെരുവോരകച്ചവടക്കാരെ ഒഴിപ്പിച്ച് അവര്‍ക്ക് മറ്റിടങ്ങളില്‍ സൗകര്യമൊരുക്കിയത് ഇതിനുവേണ്ടിയായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. കച്ചവടക്കാര്‍ ഇതിനകം തന്നെ ഈ ”എക്സിക്യുട്ടീവ് വില്‍പ്പന’യ്ക്കെതിരേ രംഗത്തു വന്നുകഴിഞ്ഞു.
ഫീല്‍ഡ് സ്റ്റാഫുകളെ ഇറക്കിവിട്ടാണ് സ്വകാര്യ കമ്പനി വിക്കിപീഡിയ നോളജ് പുസ്തകം വിറ്റഴിക്കുന്നത്.പത്തിലേറെ പേരാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര് എത്തുന്ന വ്യാപാര സിരാകേരന്ദമായ മിഠായിത്തെുവില് തമ്പടിച്ചിരിക്കുന്നത്. കുടുംബമായി എത്തുന്നവരെപോലും തടഞ്ഞുനിര്‍ത്തി മാര്‍ക്കറ്റിംഗ് നടത്തുകയാണിവര്‍. വരുമ്പോഴും പോകുമ്പോഴുമുള്ള ഈ “ശല്യം’ കാരണം സംസാരിക്കാന്‍ പോലും നില്‍ക്കാതെ പലരും ഒഴിഞ്ഞുമാറുന്നതും പതിവാണ്.
രണ്ടായിരത്തിനു പുറത്ത് വിലയുള്ള പുസ്തകം പ്രത്യേക ഓഫര്‍ പ്രകാരം 499 രൂപയ്ക്ക് നൽകുന്നുവെന്ന പേരിലാണ് വില്‍പ്പന.രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ സംഘം ഇവിടെയുണ്ടാകും. മിഠായിത്തെരുവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരാണ് ഇവരുടെ ടാര്‍ജറ്റ്. പെണ്‍കുട്ടികളും പുസ്തക വില്‍പ്പന സംഘത്തിലുണ്ട്. ഓഫര്‍ ലഭിക്കാനുള്ള മൂന്നുചോദ്യങ്ങളും എക്സിക്യുട്ടീവുമാരുടെ ചോദ്യങ്ങളുമൊക്കെയായി അഭിമുഖ ഹാളില്‍ പോയ അനുഭവമാണ് മിഠായിത്തെരുവിലിപ്പോൾ.
പുസ്തകം ബാഗില്‍ വച്ച് പെട്ടെന്ന് നിങ്ങള്‍ക്ക് “സെലക്ഷന് ലഭിച്ചു’ എന്ന ആമുഖത്തോടെയുള്ള ഇവരുടെ വരവ് പലരിലും കൗതുകത്തേക്കാള്‍ അമ്പരപ്പാണ് ഉണ്ടാക്കുന്നത്. വിഷുക്കാലമായതിനാല്‍ പൊതുവേ തിരക്കേറിയ തെരുവിനെ കൂടുതല്‍ തിരക്കിലേക്ക് നയിക്കുകയാണ് ഈ പരസ്യമാര്ക്കറ്റിംഗ്. ഇവര്‍ കൊണ്ടുവരുന്ന പുസ്തകകെട്ടുകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി സ്വകാര്യ കമ്പനികള്‍ നേട്ടം കൊയ്യുമ്പോള്‍ മറ്റൊരുഭാഗത്ത് അരങ്ങേറുന്നത് തെരുവ് സര്‍ക്കസാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ തമ്പടിച്ച് സര്‍ക്കസ് നടത്തുകയാണ് ഇവിടെ. ഇവരുടെ ശബ്ദകോലാഹലങ്ങള്ക്കിടയിലുടെവേണം തെരുവിലേക്ക് കടക്കാന്‍. ഇതിനുപുറമേ ആളുകളെ തൊട്ടുവിളിച്ച് നടത്തുന്ന ലോട്ടറിവില്‍പ്പനയും.ശരിക്കും മിഠായിത്തെരുവ് കീഴടക്കുന്നത് ഇവരാണ്.
ഉന്തുവണ്ടി കച്ചവടക്കാരെ തെരുവ് നവീകരിച്ചേതാടെ ഇവിടെനിന്നും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ഇതോടെ തങ്ങളുടെ കച്ചവടം പോയി എന്ന് പരിതപിക്കുമ്പോഴാണ് മറ്റൊരുകൂട്ടര്‍ ഒരു മുതല്‍ മുടക്കുമില്ലാതെ ലാഭം കൊയ്യുന്നത്. നവീകരിച്ച തെരുവ് കവാടത്തില്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടവും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇത് തടയുന്നതിന് സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല.