തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണം കിഫ്ബിയിൽ പെടുത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗതയേറും. സംസ്ഥാനത്തെ 1371 കോടിയുടെ കിഫ്ബി പദ്ധതികളിൽ സുവോളജിക്കൽ പാർക്കും ഉൾപ്പെടുത്തിയതായി മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
സുവോളജിക്കൽ പാർക്കിന് 113.29 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ആറിന് സുവോളജിക്കൽ പാർക്ക് ഹൈപവർ കമ്മിറ്റി ചേർന്ന് തുടർ പ്രവർത്തനങ്ങൾ വിലയിരുത്തും.
ഒന്നാം ഘട്ടം 160 കോടിയുടെ നിർമാണമാണ് പൂർത്തീകരിക്കുക. ആദ്യഘട്ടം 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 10.29 കോടി കൈമാറി. കിഫ്ബിയിൽ നിന്ന് 113.29 കോടി ലഭിച്ചതോടെ പണി വേഗം പൂർത്തീകരിക്കാനാകും.
ആദ്യഘട്ടം പൂർത്തിയാകുന്നതോടെ തൃശൂർ മൃഗശാലയിൽ നിന്ന് സംഹവാലൻ കുരങ്ങ്, പക്ഷികൾ, കരിങ്കുരങ്ങ്, കാട്ടുപോത്ത്, മിഥുൻ എന്നിവയെ മാറ്റാം. 336 ഏക്കറിലാണ് സുവോളജിക്കൽ പാർക്ക് നിർമിക്കുന്നത്.
ഇവിടെ മൃഗങ്ങൾക്ക് പ്രതിദിനം എട്ടു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. ഇതിനായി നാല് കുഴൽ കിണറുകൾ കുഴിച്ചിട്ടും വെള്ളം ലഭിച്ചില്ല. ക്വാർട്ടേഴ്സിൽ കുഴിച്ച കുഴൽക്കിണറിൽ മാത്രമാണ് വെള്ളമുള്ളത്. നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചതോടെ തൃശൂരിലെ മൃഗശാലയിൽ കഴിയുന്ന മൃഗങ്ങൾക്ക് പുത്തൂരിലേക്ക്് എത്താനുള്ള കാലതാമസം ഇല്ലാതാകും.