ആലക്കോട്: മലയാളി വിദ്യാർഥികൾക്ക് കർണാടകയിൽ ക്രൂരപീഡനം. ആലക്കോട് ഒറ്റത്തൈ സ്വദേശി പുത്തൻപുരയ്ക്കൽ പി.ടി എബിനും കോഴിക്കോട് സ്വദേശിയായ മറ്റൊരു വിദ്യാർഥിക്കുമാണ് കർണാടക സ്വദേശികളുടെ മണിക്കൂറുകൾ നീണ്ടുനിന്ന പീഡനത്തിനിരയാകേണ്ടിവന്നത്. ബംഗളൂരു ബസവനപുര ടി.ജോൺ കോളജിൽ എംബിഎ വിദ്യാർഥികളാണ് ഇരുവരും.
20ന് ക്ലാസ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്പോൾ എബിനെയും സുഹൃത്തിനെയും ആർഎം ഫൈവ് ബൈക്കിലെത്തിയ കർണാടക സ്വദേശികളായ മൂന്നുപേർ വഴിയിൽ തടഞ്ഞുനിർത്തുകയും ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇവർ ബൈക്കിൽ കയറാൻ തയാറാവാത്തതിനെ തുടർന്ന് കർണാടക സ്വദേശികളായ യുവാക്കൾ ഹെൽമറ്റ് ഊരി അടിക്കാൻ ശ്രമിക്കുകയും ബിയർ കുപ്പി പൊട്ടിച്ച് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതേതുടർന്ന് ഭയന്നുവിറച്ച ഇരുവരും കർണാടക സ്വദേശികളുടെ ബൈക്കിൽ കയറി. ഭീഷണിപ്പെടുത്തിയ സംഘത്തിൽപ്പെട്ട ഒരാൾ ഈ സമയം ഇതുവഴി വന്ന കോളജ് സ്റ്റാഫിന്റെ ബൈക്കിന്റെ പിന്നിൽ കയറി പോവുകയും ചെയ്തു. മറ്റു രണ്ടുപേർക്കുമൊപ്പം ബൈക്കിൽ കയറിയ എബിനെയും സുഹൃത്തിനെയും ബ്ലാക്ക് ഓഫ് കഫെ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഒരു ഗ്രൗണ്ടിനോടു ചേർന്നുള്ള റൂമിൽ എത്തിക്കുകയും ചെയ്തു.
തുടർന്ന് മൊബൈൽ ഇരുവരുടെയും പക്കൽ നിന്നും പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്ന് ആറുപേർ സംഘം ചേർന്ന് ഇരുവരെയും മർദിച്ചവശരാക്കി. ഈ സമയം എബിനെയും സുഹൃത്തിനെയും മദ്യം നിർബന്ധിച്ച് വായിൽ ഒഴിച്ചു കുടിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇരുവരോടും 30,000 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദനം രണ്ടു മണിക്കൂറോളം തുടർന്നു. രണ്ടുമണിക്കൂർ നേരം മർദ്ദിച്ച് അവശരാക്കിയ ശേഷം ഇവരിൽനിന്നും പേഴ്സും ആധാർകാർഡും എടിഎമ്മും പിടിച്ചെടുത്തു. തുടർന്ന് വീണ്ടും എടിഎം പിൻകോഡ് ആവശ്യപ്പെട്ട് മർദ്ദനം തുടർന്നു. മറ്റ് നിർവാഹമില്ലാതെ എബിനും സുഹൃത്തും നന്പർ നൽകി.
സംഘാംഗങ്ങളിൽ രണ്ടുപേർ പുറത്തുപോയി എടിഎമ്മിൽ നിന്നും പണം പൂർണമായും പിൻവലിച്ചു. ഇതേസമയം മറ്റ് സംഘാംഗങ്ങൾ ഇരുവരെയും മർദ്ദനം തുടർന്നു. വീട്ടിൽ വിളിച്ച് അക്കൗണ്ടിലേക്ക് കൂടുതൽ പണം ഇടാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട എബിനും സുഹൃത്തും കോളജിൽ എത്തിയപ്പോഴേക്കും മറ്റു കുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.
ഇരുവരെയും കൂട്ടി പോലീസ് ബ്ലാക്ക് ഓഫ് കഫേയിൽ എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെടുകയും മറ്റ് തെളിവുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചെത്തിയ എബിൻ ഇനി തിരിച്ചുപോകാൻ കഴിയാതെ ഭയന്ന നിലയിലാണ്. ഇതിനിടയിൽ കോളജ് അധികൃതർ ഒത്തുതീർപ്പിനുള്ള ശ്രമം ആരംഭിച്ചിട്ടുമുണ്ട്. കർണാടകസംഘത്തിന്റെ ക്രൂരപീഡനത്തിനിരയായ എബിൻ നീതിക്കായി മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. കർണാടകയിലേക്ക് ഇനി പഠിക്കാൻ പോകുന്നില്ലെന്നും ജീവനു തന്നെ ഭീഷണിയുണ്ടെന്നും കേരളത്തിൽ പഠിക്കാൻ സൗകര്യമൊരുക്കണമെന്നുമാണ് എബിന്റെ ആവശ്യം.