മലപ്പുറം: നിരോധിച്ച നോട്ടുകൾ പ്രവാസികളുടെ എൻആർഐ അക്കൗണ്ടിലൂടെ പുതിയ കറൻസിയാക്കി മാറ്റിയെടുക്കുന്നത് മലപ്പുറം ജില്ല കേന്ദ്രീകരിച്ചുള്ള വൻസംഘങ്ങൾ. ചെന്നൈ, ബാംഗ്ളൂർ പോലുള്ള നഗരങ്ങളിൽ നിന്നുള്ള പഴയ നോട്ടുകൾ മാറാൻ കോട്ടയ്ക്കൽ അടക്കമുള്ള സ്ഥലങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിൽ നിന്നു 20 ശതമാനം നൽകിയാണ് ഇവർ പഴയ നോട്ടുകൾ ശേഖരിക്കുന്നത്. ഇവ മറിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഒരു കോടി രൂപയ്ക്കു മൂന്നു ലക്ഷം കമ്മീഷൻ പ്രകാരമാണ് കൈമാറുന്നത്. നിരോധിച്ച ആയിരം രൂപയടങ്ങുന്ന ഒരു കോടി രൂപ തിരൂരങ്ങാടിയിൽ വച്ച് പിടികൂടിയ സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ പോലീസിനു വ്യക്തമായത്.
കോഴിക്കോട് ഫറോക്ക് ചുങ്കം പറവണ്ടി ഫിൻസിർ (36), താനൂർ കേരളാദിശ്വരപുരം പരവരന്പത്ത് സലാഹുദീൻ (37), മലപ്പുറം കോട്ടപ്പടി നാട്ടുവീട്ടിൽ ശിഹാദ് (38), കോഴിക്കോട് ബാലുശേരി കൊയിലോത്തുകണ്ടി ഷിജിത്ത് (28) എന്നിവരെയാണ് തിരൂരങ്ങാടി എസ്ഐ വിശ്വനാഥൻ കാരയിലും സംഘവും തന്ത്രപരമായി പിടികൂടിയത്. ഇന്നലെ ദേശീയപാത തലപ്പാറയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാലംഗ സംഘം വലയിലായത്.
കോട്ടയ്ക്കൽ ഭാഗത്തേക്കു പോവുകയായിരുന്ന ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ പിറകിലിരുന്ന രണ്ടു പേർക്കിടയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. ചെന്നൈയിൽ നിന്നു ശേഖരിച്ച നോട്ടുകളാണിവയെന്നു ചോദ്യം ചെയ്യലിൽ സംഘം പറഞ്ഞതായി എസ്ഐ അറിയിച്ചു. എവിടെ നിന്നാണ് പണം ശേഖരിക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും അന്വേഷിച്ചുവരികയാണ്.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു പോലീസ് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.വിവിധയിടങ്ങളിലാണ് നാലംഗസംഘത്തിനായി പോലീസ് വാഹനപരിശോധന നടത്തി വന്നത്.
മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, സിഐ വി.ബാബുരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. തിരൂരങ്ങാടി എസ്ഐക്കു പുറമെ അഡീഷണൽ എസ്ഐ ബാലകൃഷ്ണൻ, എഎസ്ഐ സത്യനാരായണൻ, സിപിഒമാരായ സി. സുബ്രഹ്മണ്യൻ, കെ. സിറാജുദീൻ എന്നിവർ ചേർന്നാണ് നാലംഗസംഘത്തെ പിടികൂടിയത്.