കോലഞ്ചേരി: പുത്തന്‍കുരിശിനടുത്ത് ചെമ്മനാട് മര്‍ദ്ദന വീഡിയോ വൈറലായി പതുനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രായ പൂര്‍ത്തിയാകാത്തവര്‍ അടക്കം നാലു പേരെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റു ചെയ്തു സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
പ്ലംബിംഗ് തൊഴിലാളിയായ മറ്റക്കുഴി കുന്നേല്‍ നിബിന് നോബല്‍ (20) ആണ് ഒരു പ്രതി. സംഘത്തില്‍ ഒരാളുടെ പരിചയക്കാരിയുടെ ഫോണില്‍ ചാറ്റ് ചെയ്തതു സംബന്ധിച്ച തര്‍ക്കമാണ് വൈറലായ വീഡിയോയ്ക്കാസ്പദമായ സംഭവത്തില്‍ കലാശിച്ചത്.
പതിനേഴുകാരന്റെ വീട്ടിലെത്തിയ നാല്‍വര്‍ സംഘത്തിലെ മൂന്ന് പേര് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുത്തശ്ശിയുടെ മുന്നിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
പ്ലസ് ടു പ്രായം മാത്രമുള്ള പ്രതികള്‍ക്ക് ചെയ്തത് തെറ്റാണെന്ന ചിന്താഗതി പോലും ഇല്ല. മര്‍ദ്ദനമേറ്റ യുവാവിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കടുപ്പം കൂടിയ വകുപ്പ് ചാര്‍ജ്ജ് ചെയ്യാനും പോലീസിനായില്ല. ഇത് പ്രതികള്‍ക്ക് ഗുണമായി.
അരപാന്റും, നീളം മുടിയും, ആന്‍ഡ്രായിഡ് ഫോണുകളും ശരീരത്തില്‍ പേറിയ പ്രതികള്‍ യാതൊരു കൂസലുമില്ലാതെയാണ് രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഇന്നലെ വൈകിട്ട്പുത്തന്കുരിശ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.
പ്രതികളെ നിമിഷ നേരം കൊണ്ട് പിടികൂടിയെന്നുള്ള പോലീസിന്റെ ‘പൊക്കിയിട്ടുണ്ട് കേട്ടോ ‘, എന്ന ഫേസ്ബുക്ക് പോസ്റ്റ് വന്നതിന്റെ സന്തോഷം പല ഗ്രൂപ്പുകളിലൂടേയും ഷെയര്‍ ചെയ്ത് പരക്കുന്നതിനിടയിലാണ് പ്രതികള്‍ സ്റ്റേഷന് ജാമ്യത്തില്‍ ഇറങ്ങി എന്നുള്ള വാര്‍ത്തയും എത്തിയത്.
രണ്ട് ദിവസം മുമ്പ് പുത്തന്‍കുരിശ് സ്റ്റേഷന് പരിധിയിലെ മോനിപ്പിള്ളിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഫെയ്സ് ബുക്കില്‍ വൈറലായതോടെയാണ് പുത്തന്‍കുരിശ് പോലീസ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രയില്‍ ചികില്‍സയിലായിരുന്ന പതുനേഴുകാരന്റെ മൊഴിയെടുത്ത് കേസെടുത്തത്.
അക്രമി സംഘത്തിന്റെ മൊബൈലില്‍ നിന്നാണ് വീഡിയോ ചോര്‍ന്നത്. മര്‍ദ്ദനമേറ്റയാള്‍ തൃശൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മോഷണ കേസിലും, നാട്ടില്‍ നിരവധി ബൈക്ക് മോഷണ കേസുകളിലും പ്രതിയാണെന്ന് പറയുന്നു.
വൈറല്‍ വീഡിയോ ഭീകരമാണെങ്കിലും പരിക്കിന്റെ സ്വഭാവമനുസരിച്ച് 324, 323,341 തുടങ്ങിയ വകുപ്പേ പോലീസ് ചുമത്തിയുള്ളൂ.