ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: രാജ്യത്ത് ബിനാമി ഇടപാടുകളും ബിനാമി വ്യാപാര സ്ഥാപനങ്ങളും വർധിക്കുന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉയർന്ന ചെറുകിട, വൻകിട വ്യാപാര സ്ഥാപനങ്ങളെ കുറിച്ചും അരക്കോടിക്കു മുകളിലുള്ള വിവിധ ഇടപാടുകളെ കുറിച്ചും വിജിലൻസ് പരിശോധിക്കുന്നു.
കൂണുപോലെ മുളച്ചുപൊന്തിയ പുത്തൻപണക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതര സംസ്ഥാനങ്ങളിലും അതാതു രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തുന്നുണ്ട്.
തൃശൂർ ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലും ജില്ലയിലെ വിവിധയിടങ്ങളിലും ബിനാമി സ്ഥലക്കച്ചവടങ്ങൾ നടന്നതായും ചെറിയ സെന്ററുകളിൽ ബിനാമി വ്യാപാര സ്ഥാപനങ്ങൾ ഉയർന്നതായും റിപ്പോർട്ടുണ്ട്.
ഇത്തരത്തിലുള്ള പല ഇടപാടുകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും ചില വ്യാപാരികളും പൗരപ്രമുഖരും ബിനാമികളാണെന്നാണു രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കൂട്ടായ്മകളുടെ നേതൃത്വത്തിൽ സഹകരണാടിസ്ഥാനത്തിൽ ധനകാര്യ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനും നിർദേശം നല്കിയിട്ടുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിക്കുന്നവർ വർധിച്ചതായാണു മറ്റൊരു കണ്ടെത്തൽ.