ഇന്ത്യൻ റുപ്പിക്ക് ആറു വർഷത്തിനു ശേഷം ദ ന്യൂ ഇന്ത്യൻ റുപ്പി അഥവാ പുത്തൻപണം എന്ന സിനിമ ചെയ്യാനുള്ള പ്രചോദനം…
എന്നും നമ്മുടെയെല്ലാം ജീവിതങ്ങൾ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും പണം എന്ന കാര്യം തന്നെയാണ്. ഈ സിനിമയിൽ ആ വിഷയം ചർച്ച ചെയ്യുന്നുണ്ട്. സന്പന്നനും ദരിദ്രനും അവരവരുടേതായ രീതിയിലാണല്ലോ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അത്തരം ചില പ്രശ്നങ്ങൾക്കൊപ്പം ജീവിതത്തെ സ്പർശിക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടി പരാമർശിക്കുന്ന സിനിമയാണു പുത്തൻപണം. പണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിലാണു കഥ തുടങ്ങുന്നത്. പക്ഷേ, മറ്റു ചില വഴികളിലൂടെയാണു കഥ വികസിക്കുന്നത്.
ഇന്ത്യൻ റുപ്പിയെ പുത്തൻ പണവുമായി ബന്ധിപ്പിക്കാനാകുമോ…
ഇല്ല. ഇന്ത്യൻ റുപ്പിയിൽ നിന്ന് ഈ സിനിമയിൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഒരു രാത്രി കൊണ്ടു സന്പന്നനാകാനുള്ള മലയാളി യുവത്വത്തിന്‍റെ വളഞ്ഞ വഴികൾ അപകടത്തിലേക്കാണു പോവുക എന്നു പറഞ്ഞാണ് ആ സിനിമ നിർത്തിയത്. നോട്ടു നിരോധിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പെട്ടെന്നുണ്ടായ തീരുമാനം ബാധിച്ച കുറേയാളുകളുണ്ട്. അവർക്കിടയിലൂടെ പോവുകയും അതു മറ്റു രീതിയിൽ വളരുകയും വികസിക്കുകയും ചെയ്യുകയാണു പുത്തൻപണത്തിൽ. നോട്ടുനിരോധനത്തിൽ തുടങ്ങുന്ന സിനിമ മറ്റു വഴികളിലേക്കു വികസിക്കുകയാണ്.
പുത്തൻപണത്തിലൂടെ പറയുന്നത്…
ജീവിതത്തിന്‍റെ രണ്ടറ്റത്തു നിൽക്കുന്ന രണ്ട് ആളുകളിലൂടെയാണു കഥ പറയുന്നത്. ഒന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന നിത്യാനന്ദ ഷേണായി എന്ന കഥാപാത്രം. മറ്റേത്, തമിഴ്നാട്ടിൽ നിന്നു നാലു വയസുള്ളപ്പോൾ അമ്മയ്ക്കൊപ്പം കൊച്ചി നഗരത്തിൽ വന്ന്് ഇവിടെ ജീവിക്കുന്ന മുത്തു എന്ന പയ്യൻ. ഇവരാണ് ഈ സിനിമയിലെ രണ്ടു പ്രമുഖ കഥാപാത്രങ്ങൾ. അവർ ഒരു പ്രത്യേക പോയിന്‍റിൽ കണ്ടുമുട്ടുകയും അവർക്കിടയിൽ ഒരു ബന്ധം വളരുകയും ചെയ്യുന്നു. ഇതാണ് പുത്തൻപണത്തിന്‍റെ അടിസ്ഥാനം.
കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ സിനിമയിൽ ചർച്ചയാകുമോ…
അതെല്ലാം സ്പർശിച്ചു പോകുന്നുണ്ട്. ഡീമോണിറ്റൈസേഷൻ(നോട്ടുനിരോധനം) എന്ന പ്രശ്നം സമൂഹത്തിന്‍റെ പല തട്ടിലുള്ളവരെ പല രീതിയിലാണു ബാധിച്ചിട്ടുള്ളത്. അതിസന്പന്നരായ ആളുകൾക്കു വീട്ടിലോ മറ്റെവിടെങ്കിലുമോ സൂക്ഷിച്ചുവച്ച പണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ടാവാം. ഏറ്റവും താഴേക്കിടയിലുള്ളവർക്ക് പെട്ടെന്ന് സുരക്ഷിതത്വമില്ലായ്മ വന്നിട്ടുണ്ടാവാം. കാരണം അന്നന്നത്തെ ചെലവിനുള്ള പണം പോലും കൈയിലില്ലാത്തവരാവും അവരിൽ പലരും. അങ്ങനെ രണ്ടറ്റത്തും സംഭവിച്ചിട്ടുള്ള അതിന്‍റെ പ്രതിഫലനങ്ങൾ ഈ സിനിമയുടെ ഭാഗമാകുന്നു.
ഇതുമായി ബന്ധപ്പെട്ട രാഷ്്ട്രീയം കൂടി പുത്തൻപണം പറയുന്നുണ്ടോ…
ഇല്ല. ഇതു കുറച്ചൂകൂടി മനുഷ്യരുടെയിടയിലും അവരുടെ ജീവിതത്തിലുമൊക്കെ നിൽക്കുന്ന സിനിമയാണ്.
നിത്യാനന്ദഷേണായി എന്ന കഥാപാത്രമായി മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിനു പിന്നിൽ..
മമ്മൂട്ടിക്കു ചേർന്നതെന്നു തോന്നിയതുകൊണ്ടു തന്നെയാണ് ആ വിഷയത്തിൽ അദ്ദേഹത്തെ സമീപിച്ചത്. പിന്നെ, പ്രാദേശികഭാഷകൾ ഉപയോഗിക്കുന്നതിൽ പ്രത്യേക മിടുക്കുള്ളയാളും അതു പലതവണ തെളിയിച്ചിട്ടുള്ളയാളുമാണ് മമ്മൂട്ടി. അങ്ങനെ ചെയ്യുന്പോൾ അതിന്‍റെ ഒരു രസം ഉണ്ടാവും. പിന്നെ, എല്ലാംകൊണ്ടും ആ പ്രായവും മറ്റു കാര്യങ്ങളും അദ്ദേഹത്തിനു യോജിച്ചതാണ്. കഥയുടെ ഒരു ഐഡിയ കേട്ടപ്പോൾത്തന്നെ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു.
പുത്തൻപണത്തിന്‍റെ കഥ നോട്ടുനിരോധനം വന്നപ്പോൾ പെട്ടെന്ന് ഉണ്ടായതാണോ. അതോ നേരത്തേ മനസിലുണ്ടായിരുന്ന ഒരു കഥയുമായി ഇതിനെ ബന്ധിപ്പിക്കുകയായിരുന്നോ…
ബന്ധിപ്പിച്ചതാണ്. കാരക്ടർ അതുമായി ബന്ധപ്പെട്ടു വളരുമല്ലോ. ഓരോ ദിവസവും മാറ്റങ്ങളുണ്ടാകുമല്ലോ. നവംബർ എട്ടിന് നോട്ടുനിരോധനം എന്ന സംഭവം ഉണ്ടായപ്പോൾ ഈ കഥയിലെ കഥാപാത്രത്തിനു തികച്ചും യോജ്യമായ ഒരു കൂട്ടിച്ചേർക്കലായി അതും വരാം എന്നു തോന്നി.
മമ്മൂട്ടി കാസർഗോഡ് ഭാഷ ഉപയോഗിക്കുന്നതിനു പിന്നിൽ…
മമ്മൂട്ടി ചെയ്യുന്ന നിത്യാനന്ദഷേണായി എന്ന കഥാപാത്രം കാസർഗോഡ് ജില്ലയിലെ കുന്പള എന്ന സ്ഥലത്തുള്ള ആളാണ്. കുന്പള കേരള – കർണാടക ബോർഡറിലുള്ള സ്ഥലമാണ്. പക്ഷേ, അയാൾ ഇപ്പോൾ ജീവിക്കുന്നതു ഗോവയിലാണ്. അയാളുടെ ഭാര്യ കന്നട സംസാരിക്കുന്നയാളാണ്. ഗോവയും കൊച്ചിയുമാണ് കഥ നടക്കുന്ന ഇടങ്ങൾ. കൊച്ചിയാണു കഥയിലെ പ്രധാന കേന്ദ്രം.
കാസഗോഡ് ഭാഷയിലുള്ള സംഭാഷണങ്ങൾ ഒരുക്കിയത്…
നോർമൽ മലയാളത്തിൽ പറയുന്ന കാര്യങ്ങൾ കാസർഗോഡൻ ഭാഷയിൽ സംഭാഷണങ്ങളാക്കി പരിഭാഷ ചെയ്യാൻ എന്നെ സഹായിച്ചതു കഥാകൃത്ത് പി.വി. ഷാജികുമാറാണ്. ഷൂട്ടിംഗ് – ഡബ്ബിംഗ് സമയങ്ങളിൽ ഷാജി എനിക്കൊപ്പം ഉണ്ടായിരുന്നു. സംഭാഷണരചനയുടെ ക്രഡിറ്റിൽ എന്‍റെയും ഷാജികുമാറിന്‍റെയും പേരുകളാണു വച്ചിരിക്കുന്നത്.
ഷീലു ഏബ്രഹാമിനെ പുത്തൻപണത്തിലെ ഹീറോയിൻ എന്നു പറയാനാകുമോ..
ഹീറോയിൻ – ഹീറോ എന്ന ആശയം തന്നെ പുത്തൻപണം എന്ന സിനിമയിൽ ഇല്ല. ഇതിൽ മൂന്നു സ്ത്രീകഥാപാത്രങ്ങളുണ്ട്. ഇനിയ, ഷീലു ഏബ്രഹാം, നിരഞ്ജന അനൂപ് എന്നിവരാണ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗണപതി, നിരഞ്ജന അനൂപ്, വിശാഖ് നായർ… യൂത്ത് ടച്ചുള്ള സിനിമയാണല്ലോ പുത്തൻപണം…
അതേ. അവരെല്ലാവർക്കും ചെയ്യാനുള്ള കഥാപാത്രങ്ങൾ പുത്തൻപണത്തിലുണ്ട്. അവരെല്ലാവരും അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. ആരുംതന്നെ പ്രേക്ഷകരെ നിരാശരാക്കില്ല. സ്വരാജ് ഗ്രാമികയാണു മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മിടുക്കൻ ആക്ടറാണ്.
മമ്മൂട്ടിക്കൊപ്പം സ്വരാജ് ഗ്രാമിക നിൽക്കുന്ന പോസ്റ്ററുകളാണു ചുവരുകളിൽ…
സ്വരാജ് ചെയ്യുന്ന മുത്തു പുത്തൻപണത്തിലെ മുഖ്യകഥാപാത്രങ്ങളിൽ ഒരാളാണ്. മമ്മൂട്ടിക്കൊപ്പം തന്നെ അല്ലെങ്കിൽ തൊട്ടുതാഴെയെങ്കിലും പ്രാമുഖ്യമുണ്ട് അയാൾക്ക്്. സ്വരാജ് ഗ്രാമികയുടെ ആദ്യ സിനിമയാണിത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. നാടകമേഖലയിൽ നിന്നു കണ്ടെത്തിയതാണ്. സ്കൂൾ തിയറ്ററിലൊക്കെ ആക്ടീവായി വർക്ക് ചെയ്യുന്നയാളാണ്. മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പുതിയ ഒരാൾ വേണമെന്നു വിചാരിച്ചിരുന്നു. സ്കൂൾ തിയറ്ററിൽ കുട്ടികളെ നാടകം പഠിപ്പിക്കുന്ന, ഡയറക്ട് ചെയ്യുന്ന കൊല്ലം സ്വദേശി മണിവർണൻ എന്ന എന്‍റെ സുഹൃത്താണ് സ്വരാജ് ഗ്രാമികയെ കണ്ടെത്തി എന്‍റെയടുത്തേക്ക് അയച്ചത്. സ്വരാജിനെ കണ്ടപ്പോൾത്തന്നെ അയാൾ ഈ കഥാപാത്രത്തിന് ഓകെ എന്നു തോന്നി. മലയാളസിനിമയ്ക്കു സ്വരാജിലൂടെ നല്ല ഒരു നടനെക്കൂടി കിട്ടിയിരിക്കുന്നു.
പുത്തൻപണത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടോ…
ഈ സിനിമയിൽ പൃഥ്വിരാജ് ഇല്ല.
പുത്തൻപണത്തിലെ പാട്ടുകൾ, സംഗീതം, പശ്ചാത്തലസംഗീതം…
ഷാൻ റഹ്മാനാണ് ഇതിലെ രണ്ടു പാട്ടുകൾ ചെയ്തത്. പാട്ടുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നല്ല രണ്ടു പാട്ടുകളുണ്ട് ഇതിൽ. റഫീക് അഹമ്മദ്, ബി.കെ.ഹരിനാരായണൻ എന്നിവരാണു പാട്ടുകൾ എഴുതിയിരിക്കുന്നത്. പശ്ചാത്തലസംഗീതത്തിനു മറ്റൊരാളെ വേണമെന്നു തോന്നി. അങ്ങനെയാണ് രാജാമണിയുടെ മകൻ അച്ചു രാജാമണിയിലേക്ക് എത്തിയത്. ഞാൻ കുട്ടിക്കാലം തൊട്ട് അവനെ കാണുന്നതാണ്. തെലുങ്കിലൊക്കെ സിനിമകൾ ചെയ്തിട്ടുണ്ട്. മിടുക്കനാണ്. ഈ സിനിമയ്ക്കുശേഷം അച്ചുവിന്‍റെ സാന്നിധ്യം മലയാളസിനിമയിൽ വളരെ ശക്തമായിത്തന്നെയുണ്ടാവും. പലരും അച്ചുവിനെ വിളിക്കാൻ സാധ്യതയുണ്ട്. രാജാമണിക്കൊപ്പം വർക്ക് ചെയ്യുന്നതുപോലെ ഫീൽ ചെയ്തു പലപ്പോഴും.
മാമുക്കോയ ഉൾപ്പെടെ പല നടൻമാരുടെയും വ്യത്യസ്ത ഗെറ്റപ്പിലുള്ള സാന്നിധ്യം…
മാമുക്കോയ, ഹരീഷ് കണാരൻ തുടങ്ങിയവരൊക്കെ രസകരമായി ചെയ്തിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരു നടൻ ബൈജുവാണ്(പുച്ചയ്ക്കൊരു മൂക്കൂത്തി മുതൽ അഭിനയിക്കുന്ന നടൻ). അസാധ്യമായ അഭിനയം എന്നു തന്നെ പറയാം.
പ്രേക്ഷകരോടു പറയാനുള്ളത്…
ഞങ്ങൾ ചെയ്യേണ്ടതു ഞങ്ങൾ ചെയ്തു കഴിഞ്ഞു എന്നുള്ളതാണു സത്യം. ഇനി പ്രേക്ഷകരുടെ വിധിയെഴുത്തിനു വിട്ടുകൊടുത്തിട്ടു മാറിനിൽക്കുന്നു. മുൻവിധികളില്ലാതെ, മുൻധാരണകളൊന്നും മനസിൽ സൂക്ഷിക്കാതെ സിനിമ കാണാൻ പ്രേക്ഷകരോട് അഭ്യർഥിക്കുന്നു. ഇന്ത്യൻ റുപ്പിയുമായി പുത്തൻപണത്തിനു യാതൊരു ബന്ധവുമില്ല. ഇതൊരു പുതിയ സിനിമയാണ്. ഈ സിനിമയെ അങ്ങനെ കാണാൻ ശ്രമിക്കുക.
ടി.ജി.ബൈജുനാഥ് –