ചിങ്ങവനം: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ നാടൻ മീനുകൾക്ക് പ്രിയമേറി. കാലവർഷം കനിഞ്ഞതോടെ ആറ്റിലും തോട്ടിലും കുതിച്ചെത്തിയ പുതുവെളളത്തിൽ വല വീശിയും കൂടിട്ടും ചൂണ്ടയിട്ടും നാട്ടുകാർ പിടിക്കുന്ന മീനുകൾക്ക് ഇപ്പോൾ കയ്യും കണക്കുമില്ല. മീൻ വിൽപ്പനക്കാരിൽ നിന്നും കടൽമീനുകൾ അപ്രത്യക്ഷമായതോടെ പ്രധാന കടവുകളിലെല്ലാം നാടൻ മീനുകളുടെ വിൽപന സജീവമാണ്.
കുറഞ്ഞ വിലയിൽ കൈ നിറയെ പിടക്കുന്ന മീൻ കിട്ടുമെന്നുള്ളത് നാട്ടുകാർക്ക് ഏറെ ആശ്വാസവുമാണ്. വരാൽ, കാരി, കല്ലട, വയന്പ്, പുല്ലൻ, വാള തുടങ്ങിയ ഇനങ്ങൾ പതിവിന് വിപരീതമായാണ് ഇക്കുറി ലഭിക്കുന്നത്. പള്ളം, പനച്ചിക്കാട് എന്നീ സ്ഥലങ്ങളിലെ പ്രധാന കടവുകളിലെല്ലാം മീൻ പിടുത്തക്കാർ കെണിയൊരുക്കി കാത്തിരിക്കുകയാണ്. നെറ്റിൽ കൂടി ലഭിക്കുന്ന ആധുനീക മീൻപിടുത്തം വശമാക്കിയിട്ടുള്ളവർക്ക് ആയിരം രൂപ വരെയാണ് ദിവസേന ലഭിക്കുന്നത്.
വിവിധ മോഡലുകളിൽ തീർത്ത കൂടും, അഞ്ച് മീനുകളെ വരെ ഒറ്റയടിക്ക് കുരുക്കുന്ന ചൂണ്ടയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ട്രോളിംഗ് നിരോധന കാലത്ത് നാടൻ മീനുകൾ സുലഭമായി ലഭിക്കുന്നത് നാട്ടുകാർക്ക് വലിയ ആശ്വാസമാകുകയുമാണ്.