മാനന്തവാടി: ട്രൈബൽ വകുപ്പ് ദത്തെടുത്ത് രണ്ടു വർഷം പിന്നിട്ടിട്ടും പനമരം പുതൂർകുന്ന് കോളനിക്കാർക്ക് ദുരിതം തന്നെ കൂട്ട്. വാസയോഗ്യമായ വീടുകളില്ലാത്തതാണ് കാലവർഷം തുടങ്ങിയതോടെ കോളനിക്കാരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. നിർമാണം തുടങ്ങിയ വീടുകളുടെ പണി ഇപ്പോഴും പാതി വഴിയിലാണ്. നേരത്തെ ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയാണ് പലരും പുതിയ വീട് പണി ആരംഭിച്ചത്.
എന്നാൽ പണി പാതി വഴിയിലായതോടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള താൽക്കാലിക കൂരകളിലാണ് ഇവർ കഴിയുന്നത്. പനമരം പുതൂർകുന്ന് കോളനിയിലെ പതിനൊന്ന് വീടുകളുടെ പണിയാണ് പൂർത്തിയാവാതെ പാതിവഴിയിലായത്.
2015-16 വർഷത്തിൽ മുൻ പട്ടികവർഗ മന്ത്രി പി.കെ. ജയലക്ഷ്മി മുൻ കൈയെടുത്ത് ട്രൈബൽ വകുപ്പ് ദത്തെടുത്ത കോളനിയാണ് പനമരം അഞ്ചുകുന്ന് പുതൂർകുന്ന പണിയ കോളനി.
11 വീടുകളാണ് 40 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഇതുവരെ അനുവദിച്ചത്. ഇതിന്റെ പ്രവൃത്തികൾ രണ്ടു വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായിട്ടുമില്ല. കരാറുകാർ പാതി വഴിയിൽ പണി ഉപേക്ഷിക്കുന്നത് ഒഴിവാക്കാനായി പനമരം പഞ്ചായത്തിലെ ട്രൈബൽ വർക്കേഴ്സ് സൊസൈറ്റിയെയാണ് വീടു പണി ഏൽപ്പിച്ചത്. വീടു നിർമാണം തറനിരപ്പിലും ലിന്റൽ പൊക്കത്തിലും ഇപ്പോഴും അവശേഷിക്കുകയാണ്.
രണ്ട് വർഷം മുൻപ് 500 രൂപ മുൻകൂർ നൽകിയ കോളനിയിലെ പാറുവിന്റെ വീടിനായി കുറച്ച് കല്ലിറക്കിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിട്ടില്ല. കോളനിയിലെ കൊച്ചി കയമ, കൊച്ചി ബാലൻ, കറപ്പി, രാമൻ, രാധ, സുമേഷ്, കുമാരൻ, ശാന്ത ശങ്കരൻ, നെല്ല, തോലൻ എന്നിവരുടെ വീടുകൾ ചുമരിലൊതുങ്ങിയിരിക്കുകയാണ്. മൂന്നര ലക്ഷം രൂപയാണ് ഓരോ വീടിനും അനുവദിച്ചത്. ഇതിൽ ഒന്നും രണ്ടും ഗഡുക്കളാണ് ഗുണഭോക്താക്കൾ വാങ്ങി സൊസൈറ്റിക്ക് നൽകിയത്.
എന്നാൽ സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തി പിന്നീട് ഒരാൾ സ്വന്തമായി ഏറ്റെടുത്തതാണ് പ്രവൃത്തികൾ നിലക്കാൻ കാരണമായി പറയപ്പെടുന്നത്. ഇതിനകം ഇതു സംബന്ധിച്ച് കളക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിൽ ദ്രവിച്ച് വീഴാറായ വീടുകളിലും പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയ ചോർന്നൊലിക്കുന്ന കുടിലുകളിലുമാണ് വീടില്ലാത്തവർ കഴിയുന്നത്.
ആദിവാസി വീടുകൾ പാതി വഴി നിർമാണം ഉപേക്ഷിക്കുന്നത് തടയാനായി മുൻ സർക്കാർ കൊണ്ടു വന്ന സൊസൈറ്റികൾ പലതും പ്രവൃത്തികൾ കരാറുകാർക്ക് മറിച്ചു നൽകുകയാണെന്ന ആരോപണവും ശക്തമാണ്. പുതൂർകുന്ന് കോളനിയിലും ഇതാണ് സംഭവിച്ചതെന്ന് കോളനിക്കാർ പറയുന്നു.