വൈപ്പിൻ: പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ ചോദ്യംചെയ്തു. ആനക്കാരൻ വീട്ടിൽ സുഭാഷ് -54, ഭാര്യ ഗീത – 53, മകൾ നയന -24 എന്നിവരാണ് ആത്മഹത്യ ചെയ്തത്. നയനയുടെ കണ്ണൂർ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് ഞാറക്കൽ പോലീസ് ചോദ്യം ചെയ്തത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ താൻ സന്നദ്ധനായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
നാട്ടിൽ നിന്നും ജോലിക്കായി ബംഗളൂരിലെത്തിയ നയന ഫെബ്രുവരി മുതൽ ജൂലൈ വരെ ഒരുമിച്ചുണ്ടായിരുന്നുവെന്നും പിന്നീട് ജോലി നഷ്ടപ്പെടുകയും രണ്ട് പേരും ചേർന്ന് ബേക്കറി ഇടപാട് ഉൾപ്പെടെ മറ്റ് ചില ബിസിനസ് നടത്തുകയും ചെയ്തെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്ന് സാന്പത്തക ബാധ്യത വന്നപ്പോഴാണ് വീട്ടിലേക്ക് ഫോണ്‍ വിളിച്ചതത്രേ. ഈ സമയം വീട്ടിലേക്ക് തിരിച്ചു പോരാൻ പറഞ്ഞതിനെ തുടർന്നാണ് നയന നാട്ടിലെത്തിയത്. അതുവരെ ബംഗളൂരും ഗോവയിലുമായിട്ട് താമസിക്കുകയായിരുന്നത്രേ.
പതിനേഴിന് വീട്ടിലെത്തിയ നയനയെ മരിക്കുന്നതിനു മുന്‍പ് 18നു രാത്രി ഒന്‍പതരയോടെ താൻ ഫോണിൽ വിളിച്ചപ്പോൾ വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചെന്നും വേറെ കുഴുപ്പങ്ങളൊന്നുമില്ലെന്നുമാണ് അറിയിച്ചതെന്നും യുവാവ് പോലീസിനു മൊഴി നൽകിയതായി അറിയുന്നു. അതേ സമയം മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു.
ആത്മഹത്യാകുറിപ്പിൽ പറഞ്ഞിട്ടുള്ള ബന്ധുക്കളേയും സൃഹൃത്തുക്കളെയും പോലീസ് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അവസാനമായി ഇവരെ ഫോണിൽ വിളിച്ചവരെയും ഇവർ വിളിച്ചവരെയും പോലീസ് വിളിച്ചു വരുത്തി. സംഭാഷണങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചു വരുകയാണ്. ഇത് വരെ ദുരൂഹതകളില്ല. അതേ സമയം ആത്മഹത്യക്ക് ആരെങ്കിലും പ്രേരണയായിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. ഞാറക്കൽ സിഐ പി.കെ. മുരളിക്കാണ് അന്വേഷണ ചുമതല.