ന്യൂഡൽഹി: എട്ടു പുതുച്ചേരി ക്രിക്കറ്റ് കളിക്കാർക്ക് ബിസിസിഐ വിലക്കേർപ്പെടുത്തി. യോഗ്യതാ മാനദണ്ഡം മറികടന്നതിനെ തുടർന്നാണു ബിസിസിഐ കളിക്കാരുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്.വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കായി കളിക്കുന്ന ടീമിലെ സീനിയർ താരങ്ങളാണ് നടപടി നേരിട്ടത്. പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷനെതിരേ ബിസിസിഐക്കു നിരവധി പരാതികൾ ലഭിച്ചിരുന്നു.
യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്നതിനെതിരേയായിരുന്നു പരാതിയിൽ ഏറെയും. വ്യാജ ബെർത്ത് സർട്ടിഫിക്കറ്റുകൾ, വിലാസ രേഖകൾ, എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ ടീമിൽ ഇടംകിട്ടുന്നതിനായി കളിക്കാർ ഹാജരാക്കിയെന്ന് ബിസിസിഐ അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടർന്നാണ് ബിസിസിഐ നടപടിയിലേക്കു കടന്നത്.
എട്ടു കളിക്കാരുടെ രജിസ്ട്രേഷൻ റദ്ദാക്കിയ പശ്ചാത്തലത്തിൽ, വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന പുതുച്ചേരി ടീമിലേക്ക് എട്ട് പകരക്കാരെ തെരഞ്ഞെടുക്കാൻ ബിസിസിഐ അനുമതി നൽകി.