മാഹി: പുതുച്ചേരിയിലെ ഏക ലോക്സഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് 18 ന് നടക്കാനിരിക്കെ പുതുച്ചേരിയിൽ നിന്ന് അടുത്തയാഴ്ച്ച ആദ്യത്തോടെ മുന്നണി സ്ഥാനാർഥികൾ മാഹിയിലെ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിക്കുവാൻ മാഹിയിൽ എത്തും.കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനാൽ ചുമരെഴുത്തുകളോ, ബാനറുകളൊ ഒന്നും തന്നെ വീഥികളിൽ കാണാനില്ല.
അതു കൊണ്ട് തന്നെ മാഹിയിൽ കഴിഞ്ഞ ദിവസം വരെ പ്രചാരണം തണുത്ത മട്ടിലായിരുന്നു. അടുത്തയാഴ്ച്ച സ്ഥാനാർഥികൾ മാഹിയിൽ എത്തുമെന്ന സൂചനയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ഉണർവ് നൽകിയിരിക്കുകയാണ്. യുപിഎ സ്ഥാനാർഥി വി.വൈദ്യലിംഗം തിങ്കളാഴ്ച്ച രാവിലെ 9.30ന് ചെന്നൈ മെയിലിന് മാഹിയിൽ എത്തുന്നുണ്ട്. രാവിലെ മൂലക്കടവിൽ നിന്ന് വാഹനത്തിൽ പര്യടനം തുടങ്ങി മാഹിയിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട ർ മാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കും ഇതിന്റെ മുന്നോടിയായി മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാർഡ് തല യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
എൻഡിഎ. സ്ഥാനാർഥി ഡോ.കെ.നാരായണ സാമിയും, മക്കൾ നീതി മയ്യം പാർട്ടി സ്ഥാനാർഥി സുബ്രഹ്മണ്യവും അടുത്തയാഴ്ച്ച തന്നെ മാഹിയിൽ എത്തും. ബിജെപി-എൻ.ആർ കോൺഗ്രസ് സഖ്യത്തിലെ സ്ഥാനാർഥി ഡോ.നാരായണ സാമി പുതുച്ചേരിയിലെ ഡിഎംകെയിലെ മുൻ എംഎൽഎ കേശവന്റെ മകനാണ്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും സിപിഎം കോൺഗ്രസ് മുന്നണിയിലാണെങ്കിലും മാഹിയിൽ സിപിഎമ്മിന്റെ വോട്ട് കമൽ ഹാസൻ പാർട്ടിയെ മക്കൾ നീതി മെയ്യത്തിലെ സുബ്രഹ്മണ്യത്തിനാവും നൽകുക. മാഹിയിൽ സിപിഎം സുബ്രമണ്യത്തിന് വേണ്ടി മുഴുവൻ സമയവും പ്രചാരണത്തിനുണ്ടാവുകയില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. എന്നാൽ സ്ഥാനാർഥി അടുത്ത ദിവസം മാഹിയിൽ എത്തുമ്പോൾ സ്ഥാനാർഥി യോടൊപ്പം ചേർന്ന് വോട്ട് പിടിക്കും.
ഇത്തവണ 18 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 2014 ലെ തിരഞ്ഞെടുപ്പിൽ ഇത് 30 ആയിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ എൻ.ആർ.കോൺഗ്രസിലെ ഡോ.രാധാകൃഷ്ണൻ കോൺഗ്രസിലെ വി.നാരായണ സാമിയെ 60000 ൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
2014 ൽ ഇപ്പോൾ കോൺഗ്രസ് മുന്നണിയിലുള്ള ഡിഎംകെ തനിച്ച് മത്സരിച്ച് 60580 വോട്ട് നേടിയിരുന്നു. ഡിഎംകെ ഇപ്പോൾ കോൺഗ്രസ് മുന്നണിയിലാണ്. മാഹിയിൽ സിപിഐ വേദി പങ്കെടുകയില്ലെങ്കിലും കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് നൽകുവാനാണ് പാർട്ടി തീരുമാനം.