അഴുക്കുചാലില്‍ ഇറങ്ങി മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുതുച്ചേരി മുഖ്യമന്ത്രി! പ്രശസ്തിയ്ക്ക് വേണ്ടിയാണെങ്കില്‍ പോലും പലരും മടിക്കുന്ന കാര്യമാണ് ചെയ്തതെന്ന് അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

അഴുക്കു ചാലില്‍ ഇറങ്ങി മാലിന്യങ്ങള്‍ വാരി വൃത്തിയാക്കി മാതൃകയായ പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കയ്യടി. പുതുച്ചേരിയില്‍ സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി നാരായണസാമി ഓടയിലിറങ്ങി വൃത്തിയാക്കിയത്. ഫോട്ടോയ്ക്ക് വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും പ്രവര്‍ത്തകരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണെമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പുതുച്ചേരി കാമരാജ റോഡിലുള്ള അഴുക്കുചാലിലാണ് നാരയാണസാമി ഇറങ്ങി വൃത്തിയാക്കിയത്. കാമറയ്ക്ക് പോസ് ചെയ്യാന്‍വേണ്ടിയാണെങ്കില്‍ പോലും പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് ഇദ്ദേഹം ചെയ്തിരിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയരംഗത്തെ പ്രമുഖരെല്ലാം ഇദ്ദേഹത്തെ മാതൃകയാക്കണമെന്നും നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്.

താഴെ ഇറങ്ങാതെ ചെയ്യാന്‍ പ്രവര്‍ത്തകരും പോലീസും പറഞ്ഞെങ്കിലും നാരായണസാമി കൂട്ടാക്കിയില്ല. തൂമ്പയുമായി ഓടയിലിറങ്ങി. മുട്ടോളം അഴുക്കുവെള്ളത്തില്‍ നിന്നുകൊണ്ട് മാലിന്യം നീക്കം ചെയ്തു. അര മണിക്കൂറോളം ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായാണ് മുഖ്യമന്ത്രി മടങ്ങിയത്.

Related posts