പുതുക്കാട് : മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ച കാലാവധി കഴിഞ്ഞിട്ടും പുതുക്കാട് ബസാർ റോഡിലെ കൈയേറ്റം ഒഴിപ്പിച്ചില്ല. മൂന്നു മാസത്തിനുള്ളിൽ ബസാർ റോഡ് വികസനം നടപ്പാക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ നിർദേശമാണ് പൊതുമരാമത്ത് വകുപ്പ് അവഗണിക്കുന്നത്.
വാഹന തിരക്ക് മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന ബസാർ റോഡിലേയും ചെറുവാൾ റോഡിലേയും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടാനുള്ള നിർദേശമാണ് ഇനിയും നടപ്പാക്കാത്തത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നതും റോഡ് വണ്‍വേ ആക്കണമെന്നതും പല തവണ പാളിയ തീരുമാനങ്ങളാണ്.
നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പൊതുപ്രവർത്തകനായ ജോയി മഞ്ഞളിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹൻദാസ് മെയ് മൂന്നിനാണ് ഉത്തരവിറക്കിയത്.
വികസന പ്രവർത്തനങ്ങൾക്കു മൂന്നു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
റോഡ് സർവേ പൂർത്തീകരിച്ച് നവീകരണം തുടങ്ങണമെന്നും, അനുവദിച്ച ഫണ്ട് 12 മാസത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ലാപ്സാകുന്നതിനാൽ ജില്ലാ കളക്ടറും പൊതുമരാമത്ത് അസി.എൻജിനീയറും ഇടപെട്ട് ഉത്തരവ് മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാനുമായിരുന്നു നിർദേശം.