പുതുക്കാട്: ഒരാഴ്ച മുന്‍പ് കൊയ്തെടുത്ത ടണ്‍ കണക്കിന് നെല്ല് അധികൃതരുടെ അവഗണനയിൽ മഞ്ഞും വെയിലും കൊണ്ട് പാടശേഖരത്തിൽ കെട്ടി കിടക്കുന്നു.നെല്ല് സംഭരിക്കാൻ സപ്ലൈകോ മില്ലുകളെ ചുമതലപ്പെടുത്താൻ വൈകിയതാണ് പ്രശ്നത്തിന് കാരണം. അന്‍പത് ഏക്കറയോളം വരുന്ന പാടത്ത് കൃഷിയിറക്കിയ നിരവധി കർഷകരാണ് ഇതുമൂലം ദുരിതത്തിലാവുന്നത്.
കർഷകർ രാത്രികാലങ്ങളിൽ നെല്ലിന് കാവലിരിക്കേണ്ട അവസ്ഥയിലാണ്.പകൽ മുഴുവൻ നിരത്തിയിട്ടും വൈകീട്ട് ടാർപോളിൻ ഷീറ്റുകൊണ്ട് മൂടിയിട്ടുമാണ് കർഷകർ നെല്ല് സംരക്ഷിക്കുന്നത്. നെല്ല് ചാക്കുകളിലാക്കി സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.സംഭരിക്കാൻ എത്തുന്ന മില്ലുകാർക്ക് നെല്ല് പരിശോധിക്കേണ്ടി വരുന്നതിനാലാണ് ചാക്കുകളിലാക്കാതെ നിരത്തിയിടേണ്ടി വരുന്നത്. ഇത്തരത്തിൽ നെല്ല് ഇടുന്നതുമൂലം വലിയ സാന്പത്തിക നഷ്ടവും സമയനഷ്ടവുമാണ് കർഷകർ നേരിടുന്നത്.
സപ്ലൈകോ നെല്ല് സംഭരിക്കാൻ വൈകുന്നത് സ്വകാര്യ മില്ലുകാരെ സഹായിക്കാനാണെന്ന് പാടശേഖര സമിതി സെക്രട്ടറി കെ.രാജ്കുമാർ പറഞ്ഞു. സംഭരണം വൈകുന്പോൾ കിട്ടിയ വിലക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. ഇതിനിടെ പല മില്ലുകളുടെയും ഏജന്റുമാർ കർഷകരെ സമീപിച്ചിരുന്നു. ഒരു കിലോഗ്രാം നെല്ലിന് 25.30 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സ്വകാര്യ മില്ലുകൾ 18 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. വായ്പയെടുത്തും സ്വർണ്ണം പണയപെടുത്തിയും കൃഷിയിറക്കിയ കർഷകർ കുറഞ്ഞ വിലക്ക് നെല്ല് വിൽക്കുന്നതോടെ കടകെണിയിലാവുകയാണ്.
കൊയ്തെടുത്ത നെല്ല് വിൽക്കാൻ കഴിയാതെ ആഴ്ചകളോളം ഇരിക്കുകയും,ഒരു ഭാഗത്ത് കൃഷിക്കായി വായ്പയെടുത്ത ബാധ്യത കൂടുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കർഷകർ നീങ്ങുന്നത്. ഇത്തരം ഒരു സാഹചര്യത്തിലേക്ക് കർഷകരെ എത്തിക്കുകയും കിട്ടുന്ന വിലക്ക് നെല്ല് കൊടുക്കാൻ നിർബന്ധിതരാക്കുകയുമാണ് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് കരുതുന്നു. മാസങ്ങൾക്ക് മുൻപ് ഓണ്‍ലൈൻ വഴിയാണ് കർഷകർ നെല്ല് സംഭരണത്തിന് അപേക്ഷ നൽകിയത്. എന്നാൽ ആവശ്യത്തിലേറെ സമയമുണ്ടായിട്ടും നെല്ല് സംഭരിക്കാനുള്ള മില്ലുകൾക്ക് ചുമതല നൽകാതെ അവസാനഘട്ടത്തിലേക്ക് എത്തിച്ച് കർഷകരെ ദുരിതത്തിലാക്കുന്ന നിലപാടാണ് സപ്ലൈകോ ചെയ്യുന്നതെന്നാണ് ആക്ഷേപം.