പുതുക്കാട് : ദേശീയപാതയിൽ പുതുക്കാട് കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിൽ അപകടം പതിവാകുന്നു. ബസുകൾ അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതാണ് അപകടത്തിന് കാരണം. തിങ്കളാഴ്ച രാവിലെ 8.30ന് അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിച്ച കെഎസ്ആർടിസി ബസിൽ ഒമ്നി വാൻ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ ഭാസ്കർ, ശെന്തിൽ എന്നിവർക്കാണ് പരിക്കേറ്റത്.
പെരുന്പാവൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒമ്നി വാൻ പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ ബസുകൾ അമിത വേഗതയിൽ വന്ന് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്.
ബസ് ഡ്രൈവർമാർക്ക് നിരവധി തവണ പോലീസ് താക്കീത് നൽകിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസുകൾ സ്റ്റാന്റിലേക്ക് എത്തുന്നത്. ദീർഘദൂര സർവീസ് നടത്തുന്ന ബസ്സുകളാണ് ഭൂരിഭാഗവും അപകടങ്ങൾ ഉണ്ടാക്കുന്നത്.അപകടസൂചന സിഗ്നലുകൾ സ്റ്റാന്റിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ ബസ്സ് ഡ്രൈവർമാർ തയ്യാറാവുന്നില്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.